കോട്ടയം : സി.എം.എസ് കോളെജിലെ ലേഡീസ് ഹോസ്റ്റലിൽ വിളമ്പുന്ന ഭക്ഷണത്തിൽ നിരന്തരമായി പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് പ്രതിഷേധവുമായി എസ്.എഫ്.ഐ. കോളെജിനുള്ളിൽ പ്രവർത്തിക്കുന്ന കാന്റീൻ എസ്.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ അടച്ചു പൂട്ടി.
കോളെജിലെ വനിതാ ഹോസ്റ്റലായ ലീ ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് വിളമ്പു ഭക്ഷണത്തിലാണ് ഒന്നിലധികം തവണ പുഴുവിനെ കണ്ടെത്തിയത്. വിഷയത്തിൽ പല തവണ പരാതിപ്പെട്ടിട്ടും പരിഹാരം കാണുവാൻ അധികൃതർ തയ്യാറാകാതെ വന്നതോടെ എസ്.എഫ് ഐ നേതൃത്വത്തിലുള്ള വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ ഹോം സയൻസ് വിഭാഗത്തിലെ വിദ്യാർഥികൾ പ്രിൻസിപ്പലിന്റെ അനുമതിയോടെ കാന്റീനിനുള്ളിൽ പരിശോധന നടത്തി.
കാന്റീനിലെ വൃത്തിഹീനമായ അന്തരീക്ഷം കണ്ടെത്തുകയും ചെയ്തു. ഇതേ തുടർന്ന് വിദ്യാർഥികൾ കാന്റീൻ അടച്ചു പൂട്ടുകയായിരുന്നു. കോളെജ് പ്രിൻസിപ്പലിനും മറ്റൊരു അധ്യാപകനുമാണ് കാന്റീനിന്റെ ചുമതല. സംഭവം വിവാദമായതോടെ ഇനി കോളെജിൽ കാന്റീൻ വേണ്ട എന്ന നിലപാടിലാണ് പ്രിൻസിപ്പൽ ഉൾപ്പടെയുള്ള കോളെജ് അധികൃതർ.
0 Comments