banner

മലാശയത്തിൽ നാലു ക്യാപ്സൂൾ സ്വർണം; കണ്ടെത്തിയത് എക്സറെ പരിശോധനയിൽ; 62 ലക്ഷത്തോളം രൂപയുടെ സ്വർണവുമായി യുവാവ് പിടിയിൽ

മലപ്പുറം : കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാസർകോട് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ശാനിഫ് (21) ആണ് സ്വർണം ഒളിച്ച് കടത്തുന്നതിനിടെ പിടിയിലായത്. 62 ലക്ഷം രൂപയുടെ സ്വർണമാണ് ഇയാളിൽ നിന്നും പോലീസ് പിടികൂടിയത്. കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.

1077ഗ്രാം സ്വർണമാണ് പൊലീസ് കണ്ടെടുത്തത്. ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിച്ച് വെച്ചാണ് ഇയാൾ ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. ജിദ്ദയിൽ നിന്നും എയർ ഇന്ത്യാ എക്‌സ്‌പ്രസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. കസ്‌റ്റംസ് പരിശോധനയിൽ നിന്നും രക്ഷപ്പെട്ട് പുറത്ത് കടന്ന ശാനിഫിനെ വിമാനത്താവളത്തിന് പുറത്ത് വെച്ചാണ് പൊലീസ് പിടികൂടിയത്.

ബാഗേജ് പരിശോധനയിൽ സ്വർണം കണ്ടെത്താനായില്ല. ചോദ്യം ചെയ്യലിൽ തന്റെ കയ്യിൽ സ്വർണം ഇല്ലെന്നായിരുന്നു ഇയാൾ ആവർത്തിച്ച് പറഞ്ഞത്. ഒടുവിൽ സ്ഥിരീകരിക്കാനായി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ട് പോയി നടത്തിയ എക്‌‌സ്റേ പരിശോധനയിലാണ് ശരീരത്തിൽ ഒളിച്ച് വെച്ച സ്വർണം കണ്ടെത്തിയത്. മലാശയത്തിൽ നാലു ക്യാപ്സൂൾ സ്വർണം കണ്ടെത്തി. ഉടൻ തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment

0 Comments