banner

ഇന്ധനത്തിനും മദ്യത്തിനും വില കൂടും; ഇരുചക്ര വാഹന ഒറ്റത്തവണ സെസ് രണ്ട് ശതമാനം വർദ്ധിപ്പിച്ചു, കെട്ടിട നികുതി വർദ്ധിപ്പിച്ചു, വൈദ്യുതി തീരുവ കൂട്ടി; കേരള ബജറ്റിൽ കീശ കാലിയാകുമോ?


പെട്രോളിനും ഡീസലിനും മദ്യത്തിനും സംസ്ഥാനത്ത് വില കൂടും. പെട്രോളിനും ഡീസലിനും രണ്ടു രൂപ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ചുമത്തുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. 

മാസങ്ങളായി രാജ്യത്ത് എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയിരുന്നില്ല. ഇതിനിടെയാണ് സംസ്ഥാന സർക്കാർ സെസ് ഉയർത്തി വില വർധനവിന് കളമൊരുക്കിയിരിക്കുന്നത്.

പെട്രോൾ-ഡീസൽ സെസ് വർധിപ്പിച്ചതിലൂടെ 780 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. 

അഞ്ഞൂറു രൂപ മുതല്‍ 999 രൂപ വരെയുള്ള മദ്യത്തിന് ബോട്ടിലിന് 20 രൂപ സെസ് പിരിക്കും. ആയിരം രൂപയ്ക്കു മുകളില്‍ 40 രൂപയാണ് സെസ് പിരിക്കുക. സാമൂഹ്യ സുരക്ഷാ ഫണ്ടിനായാണ് ഈ തുക വിനിയോഗിക്കുകയെന്ന് ധനമന്ത്രി പറഞ്ഞു.

വാഹനങ്ങള്‍ വാങ്ങുമ്പോഴുള്ള ഒറ്റത്തവണ സെസ് ഇരട്ടിയാക്കി. ഇരുചക്രവാഹനം വാങ്ങുമ്പോഴുള്ള ഒറ്റത്തവണ സെസ് രണ്ടു ശതമാനമാണ് കൂട്ടിയത്. കാര്‍ അടക്കമുള്ള വാഹനങ്ങളുടെ ഒറ്റത്തവണ സെസും വര്‍ധിപ്പിച്ചു. അഞ്ചുലക്ഷം വിലയുള്ള കാറിന് ഒരു ശതമാനം നികുതി വര്‍ധിക്കും. ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് നികുതി കുറച്ചിട്ടുണ്ട്.

കേരളത്തിന് സുപ്രധാന വികസനങ്ങൾ ഈ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഏറെ ബാധിക്കുന്ന അധികഭാരവും ഈ ബഡ്ജറ്റിൽ തന്നു പോകുന്നുണ്ട്.

കേരളത്തിൽ കെട്ടിട നികുതി വർധിപ്പിച്ചു. ഒന്നിലധികം വീടുകളുള്ളവര്‍ക്ക് പ്രത്യേക നികുതി. ഒരുവ്യക്തിയുടെ ഉടമസ്ഥതയിലുള്ള, ഒന്നിലധികം വീടുകള്‍ക്കും പുതുതായി നിര്‍മിച്ചതും ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകള്‍ക്കും പ്രത്യേകമായി നികുതി ചുമത്തും. ഇതുവഴി ആയിരം കോടി അധികമായി സമാഹരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

വൈദ്യുതി തീരുവയും വർധിപ്പിച്ചിട്ടുണ്ട്. തീരുവ അഞ്ചു ശതമാനമാക്കി. മോട്ടോര്‍ വാഹന നികുതിയും സെസ്സും വര്‍ധിപ്പിച്ചു. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. ഭൂമി രജിസ്‌ട്രേഷനുള്ള ചെലവും ഇതോടെ കുത്തനെ ഉയരും. കെട്ടിട നിര്‍മ്മാണ അപേക്ഷ ഫീസും വര്‍ധിപ്പിച്ചു.

സര്‍ക്കാര്‍ ഭൂമിയുടെ പാട്ടവാടക ന്യായവിലയെ അടിസ്ഥാനമാക്കി മാറ്റും. കോമ്പൗണ്ടിങ് രീതി മാറ്റി ഭൂമിയുടെ അളവിന് അനുസരിച്ച് വാടക പരിഷ്‌കരിക്കും. മൈനിങ്ങ് ആന്റ് ജിയോളജി റോയല്‍റ്റി പിഴ കൂട്ടി. 600 കോടി അധിക വരുമാനമാണ് ഇതുവഴി സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

إرسال تعليق

0 تعليقات