banner

കൺസെഷൻ നിരക്കിന് മാറ്റമില്ല; വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി കൺസെഷൻ വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി ആന്റണി രാജു. കൺസെഷൻ നിരക്ക് മാറ്റാനുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പറഞ്ഞ മന്ത്രി അത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും പ്രതികരിച്ചു. തീരുമാനം വിദ്യാർത്ഥികളെ ഒരുതരത്തിലും ബാധിക്കില്ലെന്നും വ്യക്തമാക്കി

‘അൺ എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് നിലവിൽ 65 ശതമാനം കൺസെഷനുണ്ട്. വയസിന്റെ കാര്യത്തിൽ മാത്രമാണ് ഇപ്പോൾ തീരുമാനമുണ്ടായിരിക്കുന്നത്. കാരണം നിരവധി റിട്ടയേഡ് ഉദ്യോഗസ്ഥരൊക്കെ പലരും ഈവനിങ് ക്ലാസുകൾക്കൊക്കെ പോകുന്നവരുണ്ട്. അവർ പോലും കൺസെഷനുവേണ്ടി അപേക്ഷിക്കുന്നതുകൊണ്ടാണ് പ്രായപരിധി വച്ചത്. പി ജി ക്ലാസുകളിൽ പോലും 25 വയസിന് താഴെയുള്ളവരാണ് ഇന്നുള്ളത്. തീരുമാനം വിദ്യാർത്ഥികളെ ഒരുതരത്തിലും ബാധിക്കുന്നതല്ല’.

അർഹതയുള്ളവർക്ക് കിട്ടുന്നതാണ് കൺസെഷനെന്നും അടുത്ത വർഷം മുതൽ ഓൺലൈനിലൂടെയായിരിക്കും കൺസെഷൻ വിതരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

25 വയസിനുമുകളിലുള്ള വിദ്യാർത്ഥികൾക്കും മാതാപിതാക്കൾ ആദായ നികുതി പരിധിയിൽ വരുന്ന കോളജ് വിദ്യാർത്ഥികൾക്കും യാത്രാക്കൂലിയിൽ ഇളവൊഴിവാക്കിയാണ് കെഎസ്ആർടിസി മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ഇതുപ്രകാരം സ്വകാര്യ കോളജിലെയും സ്‌കൂളിലെയും ബിപിഎൽ വിദ്യാർത്ഥികൾക്ക് യാത്രാക്കൂലിയിൽ ഇളവുണ്ടാകും. പ്രായപരിധി നിജപ്പെടുത്തുന്നതോടെ 25 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് കൺസഷനുണ്ടാകില്ല. സ്വകാര്യ സ്‌കൂളിലെ മറ്റ് വിദ്യാർത്ഥികൾക്ക് യാത്രാനിരക്കിൽ മുപ്പത് ശതമാനം ആനുകൂല്യം നൽകുമെന്നും കെഎസ്ആർടിസി മാർഗരേഖയിൽ പറഞ്ഞു.

വിദ്യാർത്ഥികളുടെ കൺസഷൻ ഇനത്തിൽ 2016 മുതൽ 2020 വരെ 966.31 കോടി രൂപയുടെ ബാധ്യത കെഎസ്ആർടിസിക്കുണ്ടെന്നും ഈ തുക അനുവദിച്ചുതരണമെന്നും സർക്കാരിന് നൽകിയ കത്തിൽ കെഎസ്ആർടിസി വ്യക്തമാക്കി.

Post a Comment

0 Comments