കൊച്ചി : പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ സർക്കാരിന് കോടികളുടെ നഷ്ടങ്ങളുണ്ടാക്കിയ അക്രമസംഭവവുമായി ബന്ധപ്പെട്ട് ജപ്തി നടപടികളിൽ ഉൾപ്പെട്ട പോപുലർ ഫ്രണ്ട് പ്രവർത്തകരല്ലാത്തവരുടെ സ്വത്തുക്കൾ വിട്ടുകൊടുത്തെന്ന് സർക്കാർ ഹൈക്കോടതിയിൽ.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരല്ലാത്ത 25 പേരുടെ സ്വത്തുക്കളാണ് വിട്ടുകൊടുത്തത്. സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നഷ്ടം കണക്കാക്കുന്നതിനായി നിയോഗിച്ച ക്ലെയിംസ് കമ്മീഷണർക്ക് വേണ്ടി ആറ് ലക്ഷം അനുവദിച്ചതായും. ഓഫീസ് തുടങ്ങാനായാണ് ടി തുക അനുവദിച്ചതെന്നും വിശദീകരണത്തിലുണ്ട്.
മിന്നൽ ഹർത്താലിലെ അക്രമ സംഭവങ്ങളിലെ നാശനഷ്ടത്തിന് തുക തിരികെപ്പിടിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ജപ്തി നടപടിയിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരിൽ നിന്ന് ജപ്തി ചെയ്ത് പിടിച്ചെടുത്ത സ്വത്ത് തിരികെ നൽകണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു.
ജപ്തിക്ക് വേണ്ടി തയ്യാറാക്കിയ പട്ടികയിലെ പേരുകളിലും മേൽവിലാസത്തിലും സർവേ നമ്പറുകളിലുമുണ്ടായ സാമ്യത മൂലം ജപ്തിക്കിടെ ചില അപാകതകൾ സംഭവിച്ചുവെന്നും പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്തും ജപ്തി ചെയ്ത സംഭവമുണ്ടായെന്നും സർക്കാർ അറിയിച്ചതിനെ തുടർന്നായിരുന്നു ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
0 Comments