Latest Posts

ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ മദ്യലഹരിയിൽ അസഭ്യം വിളിയും ആക്രമണവും; ഗൃഹനാഥനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ 40കാരൻ അറസ്റ്റിൽ

തിരുവനന്തപുരം : ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്ക് ഇടയിൽ മദ്യ ലഹരിയിൽ അസഭ്യം വിളിയും ആക്രമണവും. മറ്റൊരാളെ കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചത് തടഞ്ഞ ഗൃഹനാഥനെ വഴിയിൽ കാത്ത് നിന്ന് കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കല്ലറ മിതൃമ്മല മാടൻകാവ് സ്വദേശി ജിനേഷ്(40) ആണ് പിടിയിലായത്.

മിതൃമ്മല തൂങ്ങയിൽ ലക്ഷംവീട് കോളനിയിൽ മണിലാലി(47)നെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലാണ് ജിനേഷ് പിടിയിലായിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി കല്ലറ മാടൻകാവ് ജങ്ഷനിൽ ഉത്സവത്തോടനുബന്ധിച്ച് ഗാനമേള സംഘടിപ്പിച്ചിരുന്നു. മദ്യലഹരിയിൽ ഇവിടെ എത്തിയ ജിനേഷ് സ്ഥലത്ത് ഉണ്ടായിരുന്നവരെ അസഭ്യം വിളിക്കുകയും കത്തി വീശി ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇത് ചോദ്യം ചെയ്ത മറ്റൊരാളെ ജിനേഷ് കുത്താൻ ഓടിച്ചതായി പൊലീസ് പറയുന്നു. ഇത് കണ്ട മണിലാൽ ജിനേഷിനെ തടയുകയും പിടിച്ചുമാറ്റിവിടുകയും ചെയ്തു.

ഇതിൽ പ്രകോപിതനായ ജിനേഷ് ശനിയാഴ്ച പുലർച്ചെ വരെ മാടൻകാവ് പാൽ സൊസൈറ്റിക്കു മുന്നിൽ കാത്തുനിന്ന് ഗാനമേള കഴിഞ്ഞു മടങ്ങിയ മണിലാലിനെ കുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കൈയ്ക്കും തലയിലും മുതുകിലും ഗുരുതര പരിക്കേറ്റ മണിലാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയുടെ ആക്രണത്തിൽ മണിലാലിനു തലയിൽ 18 തുന്നൽ ഉള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് രക്ഷപ്പെട്ട ജിനേഷിനെ പാങ്ങോട് സി.ഐ. എൻ.സുനീഷ്, എസ്.ഐ. അജയൻ, ഗ്രേഡ് എസ്.ഐ.മാരായ രാജേഷ്, രാജൻ, നസിം, സി.പി.ഒ.മാരായ ബിനു, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പിടികൂടിയത്. ജിനേഷിനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

0 Comments

Headline