മുംബൈ : ഗുജറാത്ത് കലാപത്തെ സംബന്ധിച്ച ബിബിസി ഡോക്യൂമെന്ററി പുറത്തു വന്നതിന് പിന്നാലെ ബിബിസിയുടെ ദില്ലിയിലെയും മുംബൈയിലെയും പ്രധാന ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പരിശോധനയ്ക്കിടെ ജീവനക്കാരുടെ ഫോണുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ജീവനക്കാരോട് ഓഫീസിൽ നിന്ന് വീടുകളിലേക്ക് മടങ്ങിപ്പോകാൻ ഓഫീസ് അധികൃതർ അറിയിച്ചു. നികുതി വെട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ബി ബി സി ഓഫീസുകളിൽ പരിശോധന നടക്കുന്നത്.
കമ്പനിയുടെ ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും അതിന്റെ ഇന്ത്യൻ വിഭാഗവുമായി ബന്ധപ്പെട്ട രേഖകളും വകുപ്പ് പരിശോധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച, ഇന്ത്യയിൽ ബിബിസി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.
ഇന്ത്യയിലെ ബിബിസിയുടെ ബിസിനസ്സ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള "നികുതി വെട്ടിപ്പ്" അന്വേഷണത്തിന്റെ ഭാഗമാണ് ചൊവ്വാഴ്ച രാവിലെ നടത്തിയ തിരച്ചിൽ, നിരവധി അക്കൗണ്ടുകളും സാമ്പത്തിക ഫയലുകളും പിടിച്ചെടുത്തുവെന്നും ഉദ്യോഗസ്ഥർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
ഓഫീസുകളിൽ നടന്ന റെയ്ഡുകൾ സ്ഥിരീകരിച്ച ബിബിസി പൂർണമായി സഹകരിക്കുന്നതായും അറിയിച്ചു. “ഈ സാഹചര്യം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” പ്രസ്താവനയിൽ പറയുന്നു.
0 Comments