banner

ജമാഅത്തെ ഇസ്ലാമി-ആർഎസ്എസ് ചർച്ച: യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് ആരോപണം അസംബന്ധമെന്ന് പ്രതിപക്ഷ നേതാവ്

മലപ്പുറം : ജമാ അത്ത് ഇസ്ലാമി- ആർ.എസ്.എസ് ചർച്ചയിൽ യുഡിഎഫിന് ബന്ധമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തികഞ്ഞ അസംബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിരോധത്തിൽ നിൽക്കുന്ന മുഖ്യമന്ത്രി വിഷയം മാറ്റാൻ നടത്തിയ ശ്രമം മാത്രമാണത്. 

ഡൽഹിയിൽ ജമാഅത്ത് ഇസ്ലാമി ഉൾപ്പെടെയുള്ള ചില മുസ്ലീം സംഘടനകൾ ആർ.എസ്.എസുമായി ചർച്ച നടത്തിയതുമായി കേരളത്തിലെ യു.ഡി.എഫ് എന്ത് പിഴച്ചു? ഇരിക്കുന്ന പദവിക്ക് യോജിക്കാത്ത ആരോപണമാണ് പിണറായി ഉന്നയിച്ചിരിക്കുന്നത്.

ശ്രീ എം എന്ന ആത്മീയ ആചാര്യന്റെ മധ്യസ്ഥതയിൽ ആർ.എസ്.എസ് നേതാക്കളായ ഗോപാലൻ കുട്ടിയുമായും വത്സൻ തില്ലങ്കേരിയുമായും മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചർച്ച നടത്തിയിട്ടില്ലേ? ഇക്കണോമിക് ടൈംസ് ഡൽഹി ലേഖകനും മലയാളിയുമായ ദിനേഷ് നാരായണൻ എഴുതിയ ‘The RSS And The Making of The Deep Nation’ എന്ന പുസ്തകത്തിൽ, ഇവരെയെല്ലാം ഇന്റർവ്യൂ നടത്തി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കേരളത്തിലെ അക്രമം അവസാനിപ്പിക്കാൻ പിണറായിയും കോടിയേരിയും ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയിട്ടും രഹസ്യമാക്കിവച്ചു. അന്നു മുതൽ സി.പി.എം-ആർ.എസ്.എസ് സംഘട്ടനം അവസാനിച്ചു. അതിനു പകരമായി കോൺഗ്രസിലെ ചെറുപ്പക്കാരെ സി.പി.എം കൊലപ്പെടുത്താൻ തുടങ്ങി. ആർ.എസ്.എസുമായി സന്ധി ചെയ്ത ശേഷമാണ് പെരിയയിലെ രണ്ട് ചെറുപ്പക്കാരെയും ഷുഹൈബിനെയും കൊലപ്പെടുത്തിയത്.

ജമാഅത്ത് ഇസ്ലാമി രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങിയ 1977 മുതൽ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെയുള്ള 42 വർഷവും സി.പി.എമ്മിന്റെ സഹയാത്രികരായിരുന്നു. അന്നൊന്നും അവർ വർഗീയ കക്ഷി ആയിരുന്നില്ലേ? ഇപ്പോൾ പുതുതായി പിണറായി കണ്ടെത്തിയിരിക്കുന്ന വർഗീയത എന്താണ്? ആർ.എസ്.എസിന് എതിരായ നിലപാടിന്റെ ഭാഗമായാണ് 2019 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ ജമാ അത്ത് ഇസ്ലാമി കോൺഗ്രസിനെ സഹായിക്കാൻ തീരുമാനിച്ചത്. അതുവരെ സി.പി.എമ്മും ജമാഅത്ത് ഇസ്ലാമിയും തോളോട് തോൾ ചേർന്നാണ് പ്രവർത്തിച്ചത്. എ.കെ.ജി സെന്ററിൽ നിന്നും ഇറങ്ങിയപ്പോഴാണ് അവർ വർഗീയവാദികളായത്. ജമാ അത്ത് ഇസ്ലാമി ആസ്ഥാനത്ത് പോയി മാറി മാറി വന്ന ആമീറുമാരെയെല്ലാം പിണറായി വിജയൻ സന്ദർശിച്ചിട്ടുണ്ട്. എന്നിട്ടും ഒരു സുപ്രഭാതത്തിൽ അവരെ തള്ളിപ്പറയാൻ എന്തൊരു തൊലിക്കട്ടിയാണ് പിണറായിക്ക്. ശ്രീ എമ്മിനെ ഇടനിലക്കാരനാക്കി മുഖ്യമന്ത്രിയും കോടിയേരിയും ആർ.എസ്.എസുമായി ചർച്ച നടത്തിയത് നിഷേധിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments