കൊല്ലം കോർപ്പറേഷൻ സെക്രട്ടറിയുടെ ഡ്രൈവർ ആത്മഹത്യ ചെയ്തതിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. കോർപ്പറേഷൻ ഉദ്യോഗസ്ഥർ അടങ്ങിയ ബ്ലേഡ് മാഫിയ സംഘം ബിജുവിനെ മാനസികമായി പീഡിപ്പിച്ചു എന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. ബിജുവിന്റെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
തിങ്കളാഴ്ച്ച രാത്രിയാണ് കൊല്ലം കോർപറേഷൻ സെക്രട്ടറിയുടെ ഡ്രൈവർ എഴുകോൺ സ്വദേശി ബിജുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബിജുവിന്റെ ആത്മഹത്യ കുറുപ്പ് അടുത്ത ബന്ധുക്കൾ കണ്ടെടുത്തു. ഇതോടെയാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് എതിരെ കുടുംബം രംഗത്തെത്തിയത്. കോർപ്പറേഷൻ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബ്ലേഡ് മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ട്. ഇവരിൽ നിന്നും ബിജു രണ്ട് ലക്ഷം രൂപ കടം വാങ്ങി. പലിശയും കൂട്ടുപലിശയും അടക്കം 10 ലക്ഷം രൂപ തിരിച്ചു നൽകണമെന്ന് സംഘം ആവശ്യപ്പെട്ടു. ഇവർ ബിജുവിനെ ഭീഷണിപ്പെടുത്തിയെന്ന വിവരവും ആത്മഹത്യ കുറിപ്പിലുണ്ടെന്ന് കുടുംബം പറയുന്നു.
കോർപ്പറേഷനിലെ ഉയർന്ന ഉദ്യോഗസ്ഥർ അടക്കം ബ്ലേഡ് മാഫിയ സംഘത്തിൽ പെട്ടവരാണെന്നും കുടുംബം ആരോപിക്കുന്നു. 20 ശതമാനം ജീവനക്കാർ ഇവരുടെ പിടിയിൽ ആണെന്നും ആത്മഹത്യാ ക്കുറിപ്പിലുണ്ടെന്നുമാണ് കുടുംബത്തിന്റെ വാദം. ആത്മഹത്യാ കുറിപ്പിലെ ഉള്ളടക്കം പൊലീസ് പരിശോധിച്ച് വരുകയാണ്.
0 تعليقات