പേരയം ഗ്രാമപഞ്ചായത്ത് അംഗം സില്‍വി സെബാസ്റ്റ്യനെയാണ് അയല്‍വാസിയായ വിജയന്റെ വളര്‍ത്തുനായ കടിച്ചത്. മൂന്നാം തവണയാണ് സില്‍വി സെബാസ്റ്റ്യന് ഈ നായയുടെ കടിയേല്‍ക്കുന്നത്. തുടര്‍ന്ന് പഞ്ചായത്തംഗം പോലീസില്‍ പരാതി നല്‍കി. പരാതി അന്വേഷിക്കാനായി നായയുടെ ഉടമസ്ഥനായ കാഞ്ഞിരകോട് സ്വദേശി വിജയനെ സ്റ്റേഷനില്‍ വിളിപ്പിച്ചു. പോലീസ് കാര്യങ്ങള്‍ തിരക്കി. തന്റെ നായ അക്രമകാരി അല്ല എന്ന ഉടമയുടെ വാദത്തെ തുടര്‍ന്ന് നായയെ സ്റ്റേഷനില്‍ ഹാജരാക്കാന്‍ കുണ്ടറ പോലീസ് എസ് എച്ച് ഒ ഉത്തരവിട്ടു.
രണ്ട് പോലീസുകാരും നായുടെ യജമാനനും കൂടി വീട്ടില്‍ നിന്നും കടിച്ച നായയെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. നായോട് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ പറ്റിലല്ലോ. എന്നാല്‍ കേസിന് തുമ്പ് ഉണ്ടാക്കുകയും വേണം. തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരാക്കിയ നായയെ നിരീക്ഷണത്തിലാക്കാന്‍ എസ്.എച്ച്.ഒ ഉത്തരവിട്ടു. അങ്ങനെ ഒരു മണിക്കൂറോളം പോലീസ് പ്രതിയായ നായയെ നിരീക്ഷിച്ചു. നിരീക്ഷണത്തിനൊടുവില്‍ നായ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. പരാതിയില്‍ പറയുന്ന നായ ആക്രമകാരിയാണെന്ന് പോലീസ് വിധി വന്നു.
തുടര്‍ന്ന്, നായയെ കൂട്ടിലിട്ട് വളര്‍ത്താന്‍ പോലീസ് ഉത്തരവിട്ടു .വളര്‍ത്താമെന്ന് ഉടമയെ കൊണ്ട് എഴുതി വാങ്ങിയ ശേഷം പിഴയടപ്പിക്കാതെ നായെയും യജമാനനെയും സ്റ്റേഷനില്‍ നിന്നും വിട്ടയച്ചു. നിരവധി ആളുകളെ ഈ നായ ആക്രമിച്ചിട്ടുണ്ടെന്നും, താന്‍ പ്രദേശവാസികള്‍ക്ക് വേണ്ടി കൂടിയാണ് പോലീസില്‍ പരാതി നല്‍കിയെന്നും ഗ്രാമപഞ്ചായത്ത് അംഗം സില്‍വി സെബാസ്റ്റ്യന്‍ പറഞ്ഞു. കടിച്ച നായയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അന്വേഷണം നടത്തിയ കുണ്ടറ പോലീസ്, കേരള പോലീസിന്റെ അന്വേഷണ ചരിത്രത്തില്‍ മറ്റൊരു കൗതുക അധ്യായം കൂടി എഴുതിച്ചേര്‍ത്തിരിക്കുകയാണ്.
0 Comments