banner

ലൈഫ് മിഷൻ കോഴക്കേസ്: നിയസഭയിൽ മാത്യു കുഴൽനാടൻ എം.എൽ.എയും മുഖ്യമന്ത്രി പിണറായി വിജയനും നേർക്കുനേർ

തിരുവനന്തപുരം : ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് സഭയിൽ കൊമ്പുകോർത്ത് മാത്യു കുഴൽനാടൻ എം.എൽ.എയും മുഖ്യമന്ത്രി പിണറായി വിജയനും. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക്കും റെഡ് ക്രസന്റും തമ്മിൽ കരാറിലേക്ക് വരുന്നതിന് ഉപോദ്ബലകമായത് മുഖ്യമന്ത്രിയുടെ അനുമതിയുണ്ടെന്ന ഒരു വാട്ട്സ് ആപ്പ് സന്ദേശമാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. ഈ വാട്ട്സാപ്പ് സന്ദേശം നിഷേധിക്കുന്നുണ്ടോയെന്ന് അദ്ദേഹം ആരാഞ്ഞു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ വാട്ട്സ് ആപ്പ് ചാറ്റുകൾ ഉദ്ധരിച്ചായിരുന്നു കുഴൽനാടന്റെ ആരോപണം.

ഇതോടെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയും ഇത് പച്ചക്കള്ളമാണെന്ന് പറയുകയും ചെയ്തു. താൻ അങ്ങനെ ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടിക്കൊണ്ട് സംസാരിക്കവേ ആയിരുന്നു കുഴൽനാടൻ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചത്. കേരളം കണ്ടതിൽവെച്ച് ഏറ്റവും ആസൂത്രിതവും ശാസ്ത്രീയവുമായ അഴിമതിയിലൊന്നാണ് ലൈഫ് മിഷൻ എന്നും കുഴൽനാടൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഇടത്തും വലത്തും നിന്നവർ അറിയാതെയാണ് ഈ ഇടപാട് നടന്നതെന്ന് പറയാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.
സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പങ്കിനെപ്പറ്റിയുള്ള വാട്ട്സ് ആപ്പ് സന്ദേശവും മാത്യു കുഴൽനാടൻ സഭയിൽ പങ്കുവെച്ചു. ഇതിനും മുഖ്യമന്ത്രി ക്ഷുഭിതനായാണ് മറുപടി പറഞ്ഞത്. അസംബന്ധമാണ് ഇത്. താൻ ഇതേക്കുറിച്ച് ആരുമായും സംസാരിച്ചിട്ടില്ല. ഇതെല്ലാം നേരത്തെ തന്നെ വ്യക്തമായ കാര്യങ്ങളാണ്. വ്യക്തമായ കാര്യങ്ങളെ കുറിച്ച് വീണ്ടും പറയുന്നത് അന്വേഷണ ഏജൻസിയുടെ വക്കാലത്ത് ഏറ്റുപിടിച്ച് വരുന്നതുപോലെയാണ്. അതിനാൽ ഇത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുഴൽനാടന്റെ ചോദ്യത്തിനും മുഖ്യമന്ത്രിയുടെ മറുപടിക്കും പിന്നാലെ ഭരണപക്ഷ ബെഞ്ചിൽനിന്ന് വലിയ ബഹളം ഉയർന്നു. റിമാൻഡ് റിപ്പോർട്ട് സഭയുടെ മേശപ്പുറത്തുവെക്കാൻ തയ്യാറുണ്ടോയെന്ന് നിയമ മന്ത്രി പി. രാജീവ് മാത്യു കുഴൽനാടനോട് ആരാഞ്ഞു. തയ്യറാണെന്നായിരുന്നു കുഴൽനാടന്റെ മറുപടി. റിമാൻഡ് റിപ്പോർട്ടിന്റെ ഭാഗമായ വാട്ട്സാപ്പ് സന്ദേശമാണ് താൻ ഉദ്ധരിക്കുന്നത്. അതിന് നിയമപരമായ പിന്തുണയുണ്ടെന്നും കുഴൽനാടൻ പറഞ്ഞു.

അപ്രസക്തമായ വിഷയമാണെന്നായിരുന്നു രാജേഷ് പറഞ്ഞത്. മാത്രമല്ല ഈ വിഷയം മുൻപ് സഭയിൽ ഉന്നയിച്ചയാളെ വടക്കാഞ്ചേരിയിലെ ജനങ്ങൾ തോൽപ്പിച്ചുവെന്നു അനിൽ അക്കരയെ പരോക്ഷമായി പരിഹസിച്ച് മന്ത്രി പറഞ്ഞു. സർക്കാരിന് ഈ പദ്ധതിയുടെ കരാറുമായോ മറ്റു കാര്യങ്ങളുമായോ ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. സന്നദ്ധ സംഘടനയായ റെഡ് ക്രസന്റും യൂണിടാക്കും തമ്മിലാണ് കരാർ. ഈ കരാറിന്റെ അടിസ്ഥാനത്തിൽ നടന്ന ഏതുകാര്യത്തിലും അന്വേഷണം നടത്തുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണ-പ്രതിപക്ഷ ബഹളം രൂക്ഷമായതിന് പിന്നാലെ സ്പീക്കർ എ.എൻ. ഷംസീർ പത്തുമിനിറ്റോളം സഭ നിർത്തിവെച്ചിരുന്നു. ഇതിന് ശേഷം സഭ പുനഃരാരംഭിച്ചു.

Post a Comment

0 Comments