banner

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് അനുമതി നിഷേധിച്ച് മേഘാലയ സർക്കാർ

മേഘാലയ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പിഎ സാംഗ്മ സ്റ്റേഡിയത്തിൽ നടത്താനിരുന്ന തിരഞ്ഞെടുപ്പ് റാലിക്ക് മേഘാലയ കായിക വകുപ്പ് അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയുടെ മണ്ഡലമായ സൗത്ത് തുറയിലെ പിഎ സാംഗ്മ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കാനിരുന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കാണ് അനുമതി നിഷേധിച്ചത്.

സ്റ്റേഡിയത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇത്രയും വലിയ സമ്മേളനം സംഘടിപ്പിക്കുന്നത് യോഗ്യമല്ലെന്നാണ് സർക്കാരിന്‍റെ വിശദീകരണം. സൈറ്റിൽ സൂക്ഷിച്ചിരിക്കുന്ന നിർമാണ വസ്തുക്കൾ സുരക്ഷാ പ്രശ്‌നങ്ങളാകും. അതിനാൽ അലോത്ഗ്രെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒരു ബദൽ വേദി പരിഗണിക്കുകയാണെന്ന് ജില്ലാ ഇലക്ടറൽ ഓഫീസർ സ്വപ്നിൽ ടെംബെ പറഞ്ഞു.

എന്നാൽ ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി)യും തൃണമൂൽ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് സംസ്ഥാനത്ത് “കാവി പാർട്ടിയുടെ തരംഗം” തടയാൻ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഫെബ്രുവരി 24ന് ഷില്ലോങ്ങിലും തുറയിലും പ്രധാനമന്ത്രി പങ്കെടുക്കേണ്ടതായിരുന്നു.

Post a Comment

0 Comments