banner

ഉമ്മൻചാണ്ടിയുടെ കാലത്ത് നികുതി വർധിപ്പിച്ചപ്പോൾ അത് യുദ്ധപ്രഖ്യാപനം; പിണറായി വിജയൻ സർക്കാരിന് ധാർഷ്ട്യമാണ്; പ്രതിപക്ഷത്തെയും പ്രതിപക്ഷ സമരത്തെയും ധനമന്ത്രിക്ക് പരിഹാസമാണ്: ആഞ്ഞടിച്ച് എം.എം ഹസൻ

സർക്കാരിനെതിരെ സഭയ്ക്ക് പുറത്ത് അതിശക്തമായ സമരം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. പ്രതിപക്ഷത്തെയും പ്രതിപക്ഷ സമരത്തെയും ധനമന്ത്രിക്ക് പരിഹാസമാണ്. തുടർച്ചയായി സമരം ചെയ്യാൻ തന്നെയാണ് തീരുമാനം. ഈ സർക്കാരിനെ പിരിച്ചുവിടാനുള്ള അധികാരം ഒന്നും പ്രതിപക്ഷത്തിന് ഇല്ല എന്നാണ് ധനമന്ത്രി ബാല​ഗോപാലിന്റെ പരിഹാസത്തിന്റെ ധ്വനിയെന്നും എം.എം ഹസൻ പറഞ്ഞു.

ജനങ്ങൾ തന്നെ സർക്കാരിനെ അധികാരത്തിൽ നിന്നും ചവിട്ടി പുറത്താക്കുന്ന അവസ്ഥയുണ്ടാകും. സമരം കൊണ്ട് എന്താണ് ഗുണമെന്ന് മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും അല്പം കഴിയുമ്പോൾ മനസ്സിലാവും. നികുതി നിർദ്ദേശങ്ങൾക്കെതിരെ രാജ്യം മുഴുവൻ ജനങ്ങൾ പ്രതിഷേധിക്കുകയാണ്. ഏതുകാലത്തും നികുതി ഉയർത്തുമ്പോഴും ശക്തിയായി പ്രതിഷേധിച്ചിരുന്നവരാണ് സിപിഐഎം.

ഉമ്മൻചാണ്ടിയുടെ കാലത്ത് നികുതി വർധിപ്പിച്ചപ്പോൾ പിണറായി പറഞ്ഞത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ് ഇതെന്നാണ്. ജനങ്ങളുടെ പ്രതിഷേധത്തെ പരിഗണിക്കാത്തത് പിണറായി വിജയൻ സർക്കാരിന്റെ ധാർഷ്ട്യമാണ്. അധികാരത്തിന്റെ മത്തുപിടിച്ചിരിക്കുകയാണ് ധനമന്ത്രിക്കും മുഖ്യമന്ത്രിക്കും.

സംസ്ഥാനം ചെയ്യേണ്ടത് വരുമാനം വർദ്ധിപ്പിക്കുകയെന്നതാണ്. ജല അതോറിറ്റി പിരിച്ചെടുക്കാനുള്ളത് 4500 കോടി രൂപയാണ്. ജി എസ് ടി കേരളത്തിന് അവകാശപ്പെട്ടതും പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ടാക്സ് പിരിവിൽ വലിയ പരാജയമാണ് സംഭവിക്കുന്നത്. അതിനൊപ്പമാണ് സർക്കാരിന്റെ ദുർ ചെലവ് കൂടി വരുന്നത്. കേന്ദ്രം കടത്തിന്റെ പരിധി കുറച്ചാൽ നേരിടാനുള്ള കഴിവില്ലാത്തതിന് ജനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും എം.എം ഹസൻ കുറ്റപ്പെടുത്തി.

Post a Comment

0 Comments