banner

വിശ്വസിക്കുന്നവരെ ചതിക്കുന്ന പാരമ്പര്യം മുസ്ലീം ലീഗിനില്ല: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

തൃശൂര്‍ : വിശ്വസിക്കുന്നവരെ ചതിക്കുന്ന പാരമ്പര്യം മുസ്‌ലിം ലീഗിന് ഒരുകാലത്തുമുണ്ടായിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്‌ലിം ലീഗ് തൃശൂര്‍ ജില്ല പ്രതിനിധി സമ്മേളനം മുണ്ടൂര്‍ മജ്‌ലിസ് പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുട്ടിന്റെ മറവില്‍ വഞ്ചിക്കുന്ന പതിവ് മുസ്‌ലിം ലീഗിനില്ല. വടക്കേ ഇന്ത്യയില്‍ ഒരു മുന്നണിയില്‍ മത്സരിക്കുന്നവര്‍ പണം നല്‍കുമ്പോള്‍ മറ്റേ മുന്നണിയിലേക്ക് പോകുന്നത് കാണാറുണ്ട്. 67ല്‍ ഒരു മുന്നണിയിലുണ്ടായ മുസ്‌ലിം ലീഗ് പിന്നീട് വേറെ മുന്നണിയിലാണുണ്ടായത്. ഇത് കേവലം അധികാരത്തിനോ മറ്റു താല്‍പര്യങ്ങളോ മുന്‍ നിര്‍ത്തിയായിരുന്നില്ല. മറിച്ച് ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും ഉറപ്പാക്കാന്‍ എടുക്കാന്‍ ശക്തമായ നിലപാടായിരുന്നു. അതുകൊണ്ടാണ് മുസ്‌ലിംലീഗിനെ വിമര്‍ശിക്കുന്നവര്‍പോലും മുസ്‌ലിം ലീഗ് ചതിക്കാത്ത പാര്‍ട്ടിയാണെന്ന് ഇപ്പോഴും പറയുന്നതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

വികസനവും സമാധാനവും സുരക്ഷിതത്വവും നല്‍കാന്‍ മുസ്‌ലിംലീഗ് അടക്കമുള്ള യു.ഡി.എഫിനെ കഴിയുകയുള്ളൂവെന്ന് പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍പോലും മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിംലീഗിലും എം.എസ്.എഫിലും വനിതകളുടെ വലിയ മുന്നേറ്റമുണ്ടാകുന്നത്. മുസ്‌ലിം ലീഗിന്റെ ഏഴര പതിറ്റാണ്ടിന്റെ അഭിമാനം പറയുമ്പോള്‍ തൃശൂര്‍ മുന്നില്‍ നില്‍ക്കുമെന്നും അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന നേതാവാണ് സീതി സാഹിബെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. രക്തസാക്ഷിത്വമടക്കം വലിയ ത്യാഗങ്ങളും സമരങ്ങളും ചെയ്താണ് പഴയ തലമുറ രാജ്യത്ത് അഭിമാനകരമായ രീതിയില്‍ മുസ്‌ലിം ലീഗിനെ വളര്‍ത്തിയെടുത്തത്. അതുകൊണ്ടുതന്നെ കഴിഞ്ഞകാലം ഓര്‍ത്തുവേണം നാം മുന്നോട്ടുപോകേണ്ടതെന്നും സാദിഖലി തങ്ങള്‍ കൂട്ടിചേര്‍ത്തു.

മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് അധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി.എച്ച് റഷീദ്, പി.എം സാദിഖലി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി പി.എം അമീര്‍ സ്വാഗതവും ട്രഷറര്‍ എം.പി കുഞ്ഞിക്കോയ തങ്ങള്‍ പ്രാര്‍ത്ഥനയും നിര്‍വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് കെ.എ ഹാറൂണ്‍ റഷീദ് ആമുഖ പ്രഭാഷണം നടത്തി. 2018 മുതല്‍ 2023 വരെയുള്ള മുസ്‌ലിം ലീഗ് ജില്ല കമ്മിറ്റിയുടെ പ്രവര്‍ത്തന രേഖ സ്റ്റെപ്‌സ് സാദിഖലി തങ്ങള്‍ പ്രകാശനം ചെയ്തു.

Post a Comment

0 Comments