മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടെ പേര് മാറ്റാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതോടെ ഷിന്‍ഡെ സര്‍ക്കാര്‍ ഇരു നഗരത്തിന്റെയും പുതിയ പേരുകള്‍ പ്രഖ്യാപിക്കുകയായിരുന്നു.
മഹാരാഷ്ട്രയിലെ ഔറംഗബാദ് സിറ്റി ഇനി മുതല്‍ ഛത്രപതി സംബാജിനഗര്‍ എന്ന പേരിലായിരിക്കും അറിയപ്പെടുക. ഒസ്മാനബാദിന്റെ പേര് ധാരാശിവ് എന്നുമാക്കി മാറ്റിയിട്ടുണ്ട്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും പേര് മാറ്റാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഇരുവര്‍ക്കും നന്ദി പറയുന്നുവെന്നും വ്യക്തമാക്കി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് ട്വിറ്ററിലൂടെ പേര് മാറ്റുന്ന വിവരം പങ്കുവെച്ചത്.
മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബില്‍ നിന്നായിരുന്നു നഗരത്തിന് ഔറംഗാബാദ് എന്ന പേര് ലഭിച്ചത്. ഛത്രപതി ശിവാജിയുടെ മുതിര്‍ന്ന മകനും മഹാരാഷ്ട്രയുടെ മുന്‍ ഭരണാധികാരിയുമായിരുന്നു ഛത്രപതി സംബാജി. ഔറംഗസേബിന്റെ ഉത്തരവിനെ തുടര്‍ന്ന് 1689ലായിരുന്നു ഛത്രപതി ശിവാജിയെ തൂക്കിലേറ്റിയതെന്നാണ് ചരിത്രം. എട്ടാം നൂറ്റാണ്ടില്‍ ഒസ്മാനാബാദിനടുത്ത് സ്ഥിതി ചെയ്തിരുന്ന ഗുഹയുടെ പേരാണ് ധാരാശിവ്.
മഹാരാഷ്ട്രയിലെ ഇരു നഗരങ്ങളുടെയും പേര് മാറ്റണമെന്ന ആവശ്യവുമായി നേരത്തെ തന്നെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇരു നഗരങ്ങളുടെയും പേര് മാറ്റണമെന്നത് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ തീരുമാനമായിരുന്നു.
0 Comments