banner

സജി ചെറിയാന് പുതിയ വാടക വീട്!; മാസം വാടക 85,000 രൂപ, ഇനിയുള്ള മൂന്ന് വർഷത്തേക്ക് ചിലവ് മുപ്പത് ലക്ഷത്തിലധികം രൂപ; സർക്കാർ മന്ദിരങ്ങൾ ഒഴിവില്ലേൽ ഒരു വീട് വെച്ചു കൊടുത്തൂടേന്ന് സോഷ്യൽ മീഡിയ

സജി ചെറിയാന് താമസിക്കാൻ വേണ്ടി സർക്കാർ നൽകിയ വീടിന്റെ വാടക മാസം 85,000 രൂപ. സർക്കാർ മന്ദിരങ്ങൾ ഒന്നും ഒഴിവില്ല എന്ന കാരണം പറഞ്ഞാണ് വഴുതക്കാട് ഈശ്വര വിലാസം റോഡിൽ ടിസി 16–158 നമ്പർ വീട് പ്രതിമാസം 85,000 രൂപയ്ക്ക് വാടകയ്‌ക്കെടുത്ത് നൽകിയത്. അതേ സമയം, സർക്കാർ മന്ദിരങ്ങൾ ഒഴിവില്ലേൽ ഒരു വീട് വെച്ചു കൊടുത്തൂടേന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയരുന്നുണ്ട്. ഇനിയുള്ള മൂന്ന് വർഷത്തേക്ക് വാടക വർദ്ധനവ് ഉൾപ്പെടുത്താതെ മുപ്പത് ലക്ഷത്തിലധികം രൂപ വരുമ്പോൾ സർക്കാർ ചിലവിൽ വീട് പണിതാൽ അതൊരു സർക്കാർ ആസ്തിയാകുമെന്നാണ് സോഷ്യൽ മീഡിയയിലുള്ള പ്രചാരണം.

രാജിവയ്ക്കുന്നതിനു മുന്‍പ് സജി ചെറിയാന്‍ താമസിച്ചിരുന്ന കവടിയാറിലെ വീട് പിന്നീട് കായിക മന്ത്രി വി.അബ്ദുറഹിമാനു നല്‍കിയതിനെ തുടർന്നാണ് സജി ചെറിയാന് വീടില്ലാതെയായത്. ഇതോടെയാണ് വീട് വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചത്. ഇപ്പോഴെടുത്ത വീടിന് ഒരു വര്‍ഷം വാടക 10,20,000 രൂപയാണ്. ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി.

നേരത്തെ ഇ.പി.ജയരാജന്‍ മന്ത്രിയായിരുന്നപ്പോള്‍ താമസിച്ചിരുന്ന വസതിയാണിത്. ഭരണഘടനാ വിരുദ്ധ പ്രസംഗത്തെതുടര്‍ന്നാണ് സജി ചെറിയാനു മന്ത്രിസഭയില്‍ നിന്നു പുറത്തു പോകേണ്ടി വന്നത്. എംഎല്‍എ ഹോസ്റ്റലിലാണ് മന്ത്രി ഇപ്പോള്‍ താമസിക്കുന്നത്.

Post a Comment

0 Comments