വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളെ പദ്ധതിയിൽ നിന്ന് അടുത്തമാസം പുറത്താക്കും. ഈ മാസം 28 ആണ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുളള അവസാന തീയ്യതി. ഒരു ലക്ഷം രൂപ കുടുംബ വരുമാന പരിധി കർശനമാക്കാനാണ് തീരുമാനം. വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് 2023 മാർച്ച് മാസം മുതൽ പെൻഷനുകൾ അനുവദിക്കില്ലെന്നാണ് വിവരം.
വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന മുറയ്ക്ക് പ്രാദേശിക സർക്കാർ സെക്രട്ടറി പെൻഷൻ പുനസ്ഥാപിച്ച് നൽകുന്നതാണ്. എന്നാൽ വരുമാന സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്ത കാരണത്താൽ തഴയപ്പെടുന്ന പെൻഷൻ കുടിശ്ശികയ്ക്ക് ഗുണഭോക്താവിന് അർഹത ഉണ്ടായിരിക്കില്ല. കൈവശമുളള ഭൂമിയുടെ വിസ്തൃതി ഉൾപ്പെടെയുളള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഒട്ടേറെപ്പേരെ ഇതിനകം പദ്ധതിയിൽ നിന്ന് ഒഴുവാക്കിയിരുന്നു.
പല ഘട്ടങ്ങളായാണ് ഇത്തരക്കാരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയത്. സാമ്പത്തിക അരക്ഷിതാവസ്ഥ കാരണം ഏറ്റവും അർഹരായവരെ മാത്രം പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ തീരുമാനം. പ്രതിമാസം 1600 രൂപ പെൻഷൻ തുക ലഭിക്കുന്ന പദ്ധതിയാണിത്. നിലവിൽ 52.21 ലക്ഷം പേർക്കാണ് പദ്ധതിയിലൂടെ പെൻഷൻ ലഭിക്കുന്നത്. പെൻഷൻ തുക കണ്ടെത്തുന്നതിനായി രണ്ട് രൂപ ഇന്ധന സെസ് ഏർപ്പെടുത്തിയ തീരുമാനം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് ഗുണഭോക്താക്കളുടെ എണ്ണം നിയന്ത്രിക്കാനുളള പുതിയ നീക്കം.
0 Comments