banner

25 കഴിഞ്ഞവർക്ക് ഇളവില്ല!!, വിദ്യാർത്ഥികളുടെ കെഎസ്ആർടിസി യാത്രാ സൗജന്യം എംഡിയുടെ ഔദാര്യമല്ലെന്ന് കെഎസ്‌യു

കെഎസ്ആർടിസി യാത്രാ സൗജന്യം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ വിദ്യാർത്ഥി സംഘടനയായാ കെ എസ് യു. 25 കഴിഞ്ഞവർക്ക് ഇളവില്ല എന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കെഎസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവിയർ പറഞ്ഞു. ഇളവ് കെഎസ്ആർടിസി എം ഡിയുടെ ഔദാര്യമല്ല. വിദ്യാർത്ഥികളെ സാമ്പത്തിക അടിസ്ഥാനത്തിൽ തരം തിരിക്കുന്നത് ശരിയല്ലെന്നും ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അലോഷ്യസ് പറഞ്ഞു.

അതേസമയം വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കണമെന്ന് സ്വകാര്യ ബസ്സുടമകളും ആവശ്യപ്പെട്ടു. കൺസഷൻ ഭാരം സ്വകാര്യ ബസ്സുകൾക്ക് മേൽ മാത്രം വയക്കുന്നത് ശരിയല്ല. വിദ്യാർഥികൾക്ക് കൺസഷൻ നൽകുന്നതിന് സ്വകാര്യ ബസ്സുടമകൾ എതിരല്ല. എന്നാൽ നിരക്ക് വർധിപ്പിക്കുക തന്നെ വേണമെന്ന് കേരളാ ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ (കെബിടിഎ) സംസ്ഥാന പ്രസിഡന്റ് ജോൺസൺ പടമാടൻ പറഞ്ഞു.

ആദായ നികുതി നല്‍കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് യാത്രാ ഇളവില്ലെന്നതാണ് കെഎസ്ആർടിസി പുറത്തിറക്കിയ പുതിയ മാർ​ഗ നിർദ്ദേശത്തിൽ പറയുന്നത്. ബിപിഎല്‍ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് സൗജന്യ നിരക്കിൽ യാത്ര ഒരുക്കും. 25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷൻ നൽകില്ല. 2016 മുതല്‍ 2020 വരെ 966.51 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ മാര്‍ഗനിര്‍ദ്ദേശം. കെഎസ്ആർടിസി എം ഡി ബിജുപ്രഭാകറിന്റേതാണ് ഈ നിർദ്ദേശം.

Post a Comment

0 Comments