കടലെടുത്ത കരയുടെയും അവിടെ നിന്നും അതിജീവനത്തിനായി പലായനം ചെയ്യേണ്ടി വന്ന ജനതയുടെയും കഥ പറയുന്ന പാര് എന്ന ഹൃസ്വചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു.
കൊല്ലം പട്ടത്താനം സ്വദേശി ഫെബിൻ റോബർട്ടാണ് ഹൃസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
4 ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിലേക്ക് ഇതിനകം ചിത്രം തെരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞു.
സംവിധായകന്റെ കുട്ടിക്കാലത്തെ ഗൃഹാതുരസ്മരണകളിൽ അലയടിക്കുന്ന കൊല്ലം മയ്യനാട് കാക്കത്തോപ്പ് കടൽത്തീരവും അവിടുത്തെ പച്ചയായ ജീവിതവുമാണ് ചിത്രത്തിന്റെ ഉള്ളടക്കം.
രൂക്ഷമായ കടലാക്രമണത്തിൽ വലയുന്ന കാക്കത്തോപ്പ് നിവാസികളുടെ ദുരിതവും ദിനംപ്രതി തിര കവരുന്ന തീരത്തിന്റെ തേങ്ങലും സംവിധായകൻ തന്റെ സൃഷ്ടിയിൽ വരച്ചിടുന്നു.
കുടിയിറക്കപ്പെടുന്നവന്റെ നിസ്സഹായത കാഴ്ചക്കാരിലേക്കെത്തി ക്കലാണ് ഹൃസ്വചിത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംവിധായകൻ ഫെബിൻ റോബർട്ട് പറഞ്ഞു.
കോർപ്പറേറ്റ് ട്രെയിനറായി ജോലി ചെയ്യുകയാണ് ഫെബിൻ.
മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡ് ജേതാവ് ഗിരീഷ് ബാബുവാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
പ്രഭുലാൽ ബാലൻ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പ്രസാദ് അറുമുഖനാണ്.
എച്ച് 9 പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിലാഷ് കൂവക്കാടാണ് ഹൃസ്വചിത്രം നിർമ്മിച്ചത്.
വിവിധ മേളകളിലെ പ്രദർശനത്തിനുശേഷം ചിത്രം യൂട്യൂബിൽ റിലീസ് ചെയ്യും.
0 Comments