തിരുവനന്തപുരം : ബസുകളുടെ മുന്നിലും പിന്നിലും കാണുന്ന തരത്തില്‍ ക്യാമറ വെക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഈ മാസം 28ന് മുന്‍പായി ഘടിപ്പിക്കണം. ചെലവിന്റെ പകുതി സര്‍ക്കാര്‍ വഹിക്കുമെന്ന് ആന്റണി രാജു പറഞ്ഞു. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നടപ്പാക്കുമെന്നും ആന്റണി രാജു പറഞ്ഞു.
ഒന്നരമാസത്തിനുള്ളില്‍ നടന്ന 16 മരണങ്ങളില്‍ ആറെണ്ണം സ്വകാര്യബസ്സുകളുടെ മത്സരയോട്ടം കാരണമാണ്.
ബസിന്റെ സമയക്രമം പരിശോധിക്കാന്‍ സംസ്ഥാന തലത്തില്‍ കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തുമെന്നും ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ഇല്ലെങ്കില്‍ ബസിന്റെ ഫിറ്റ്‌നസും സര്‍ട്ടിഫിക്കറ്റും പെര്‍മിറ്റും റദ്ദാക്കുമെന്നും മന്ത്രി പ്രതികരിച്ചു.
മത്സരയോട്ടം അവസാനിപ്പിക്കാന്‍ ബസ്സുകളുടെ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് വരുമാനം പങ്കുവെക്കണം . ഇതിനായി തീരുമാനമെടുക്കാന്‍ തൊഴിലാളി സംഘടനകളെ ചുമതലപ്പെടുത്തി. ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും റോഡ് സുരക്ഷാ പരിശീലനം നല്‍കും. ബസ് ജീവനക്കാര്‍ക്ക് ആറുമാസത്തിലൊരിക്കല്‍ സമഗ്രമായ മെഡിക്കല്‍ പരിശോധന നടത്തണം. ഇതിനായി ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരഓട്ടത്തെ തുടര്‍ന്നുണ്ടാവുന്ന അപകട സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ആന്റണി രാജു. യോഗത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്, പോലീസ്, റോഡ് സേഫ്റ്റി അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ഉടമകള്‍, തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
0 Comments