സംസ്ഥാനത്തെ റെയില്‍വേ വികസനപദ്ധതികളുടെ പുരോഗതി വിലയിരുത്താനായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേരളത്തിലെത്തുന്നു. മാര്‍ച്ച് മൂന്നിനാണ് കേന്ദ്രമന്ത്രി കേരളത്തിലെത്തുക. രണ്ടു ദിവസം സംസ്ഥാനത്ത് തങ്ങുന്ന കേന്ദ്രമന്ത്രി, മുഖ്യമന്ത്രി പിണറായി വിജയനുമായും ചര്‍ച്ച നടത്തും.
കേന്ദ്രമന്ത്രിയെത്തുമ്പോള്‍, ശബരി റെയില്‍പ്പാതയാണ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്. കേന്ദ്രബജറ്റില്‍ പദ്ധതിക്ക് 100 കോടി രൂപയാണ് നീക്കിവെച്ചത്. ബജറ്റില്‍ പ്രഖ്യാപിച്ച 100 കോടി ലഭിക്കണമെങ്കില്‍ പദ്ധതി മരവിപ്പിച്ച ഉത്തരവ് റദ്ദാക്കേണ്ടതുണ്ട്.
ഇതോടൊപ്പം ശബരി പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് റെയില്‍വേ ബോര്‍ഡ് അംഗീകാരവും നല്‍കണം. എംപിമാരുടെ യോഗത്തിന് മുമ്പ് രണ്ടു കാര്യത്തിലും തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. ശബരി റെയില്‍ നിര്‍മ്മാണം കെ റെയിലിന് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടേക്കും. സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷന്‍ വികസനപദ്ധതികളുടെ പുരോഗതിയും കേന്ദ്രമന്ത്രി വിലയിരുത്തും. കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യം ഉന്നയിച്ചേക്കും.
0 Comments