റായ്പൂർ : ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനം ഇന്ന് അവസാനിക്കും. പാർട്ടി മുൻ അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം തന്നെയാണ് കോൺഗ്രസ് നേതാക്കൾക്കിടയിൽ ചർച്ചയാകുന്നത്. സോണിയ ഗാന്ധി സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുകയാണോയെന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. തന്റെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയാണെന്ന സോണിയ ഗാന്ധിയുടെ പരാമർശമാണ് അവർ സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുന്നുവെന്ന അഭ്യൂഹം ശക്തമാകാൻ കാരണം.
പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യവേ വികാരഭരിതമായ പ്രസംഗമാണ് സോണിയ ഗാന്ധി നടത്തിയത്. കോൺഗ്രസ് അധ്യക്ഷ എന്ന നിലയിലുള്ള തന്റെ യാത്രയെ കുറിച്ച് സോണിയ ഗാന്ധി പരാമർശിക്കുകയും എല്ലാവരുടെയും സഹകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു. ഇതിനിടയിൽ സോണിയ ഗാന്ധിയുടെ ഇതുവരെയുള്ള യാത്രയും പാർട്ടിക്ക് നൽകിയ സംഭാവനകൾ വിവരിക്കുന്ന വീഡിയോയും പ്രദർശിപ്പിച്ചു. ഇതോടെ സോണിയ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചെന്ന സംശയം ബലപ്പെട്ടു.
താൻ കോൺഗ്രസ് അധ്യക്ഷയായിരുന്ന കാലഘട്ടത്തെക്കുറിച്ചും യുപിഎ ഭരണത്തെക്കുറിച്ചും പറഞ്ഞതിന് എല്ലാവരോടും നന്ദിയുണ്ടെന്ന് അവർ വ്യക്തമാക്കി. 1998ൽ കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റതിന് ശേഷം 25 വർഷത്തിനിടെ നമ്മൾ വലിയ നേട്ടങ്ങൾ കൈവരിച്ചതായും നിരാശയുടെ സമയമാണ് കണ്ടതെന്നും അവർ പറഞ്ഞു. 2004ലെയും 2009ലെയും ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ നേടിയ വിജയം വലിയ നേട്ടമായാണ് സോണിയ ഗാന്ധി വിശേഷിപ്പിച്ചത്.
ഇത് എനിക്ക് വ്യക്തിപരമായ സംതൃപ്തി നൽകുന്നുണ്ടെന്നും എന്നാൽ എനിക്ക് ഏറ്റവും സംതൃപ്തി നൽകുന്ന കാര്യം ഒരു സുപ്രധാന ഘട്ടത്തിലെത്തിയ ഭാരത് ജോഡോ യാത്രയോടെ എന്റെ ഇന്നിംഗ്സ് അവസാനിക്കുന്നതാണെന്നും സോണിയ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച സോണിയ അഭിനന്ദനം അറിയിക്കുകയും ചെയ്തു.
തന്റെ പ്രസംഗത്തിനിടെ സോണിയ ഗാന്ധി ബിജെപിയെ രൂക്ഷമായി ആക്രമിച്ചു.ഭരണഘടനാ സ്ഥാപനങ്ങൾ ബിജെപി-ആർഎസ്എസ് നിയന്ത്രണത്തിലാണെന്നും സർക്കാർ ഭരണഘടനാ മൂല്യങ്ങളെ തകർക്കുകയാണെന്നും അവർ പറഞ്ഞു.ഭാരത് ജോഡോ യാത്ര ജനങ്ങളുമായുള്ള കോൺഗ്രസിന്റെ ബന്ധം സജീവമാക്കി.രാജ്യത്തിനും കോൺഗ്രസ് പാർട്ടിക്കും ഇത് വെല്ലുവിളി നിറഞ്ഞ സമയമാണ്. ചില വ്യവസായികളെ സർക്കാർ പിന്തുണയ്ക്കുമ്പോൾ ദളിത്-ന്യൂനപക്ഷങ്ങളും സ്ത്രീകളും പീഡിപ്പിക്കപ്പെടുകയാണെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.
പ്രസംഗത്തിനിടെ രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ ഭാരത് ജോഡോ യാത്രയെയും സോണിയ ഗാന്ധി പ്രശംസിച്ചു.ദുഷ്‌കരമായ യാത്രയാണ് രാഹുൽ ഗാന്ധി സാധ്യമാക്കിയതെന്നും അവർ പറഞ്ഞു.കോൺഗ്രസിന്റെ ശക്തിയെ കുറിച്ച് പ്രവർത്തകരോട് പറഞ്ഞ അവർ രാജ്യതാൽപ്പര്യത്തിന് വേണ്ടി പോരാടുമെന്നും അറിയിച്ചു.വ്യക്തിപരമായ താൽപ്പര്യങ്ങൾ മാറ്റിവെച്ച് അച്ചടക്കത്തോടെ പ്രവർത്തിക്കണം.മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ തീർച്ചയായും വിജയിക്കുമെന്നും സോണിയ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
തന്റെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയാണെന്ന സോണിയ ഗാന്ധിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.സജീവ രാഷ്ട്രീയത്തിൽ തന്റെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയാണെന്നാണ് അവർ സൂചിപ്പിച്ചതെന്ന് ഒരു വിഭാഗം പറയുന്നു.
സോണിയാ ഗാന്ധിയുടെ ഈ പ്രസ്താവനയെക്കുറിച്ച് സോണിയാ ഗാന്ധിയുമായി അടുപ്പമുള്ള കുമാരി സെൽജ വിശദീകരണം നൽകി.സോണിയാ ഗാന്ധി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന ഊഹാപോഹങ്ങൾ തള്ളിക്കളഞ്ഞ അവർ, ആ പ്രസ്താവന സോണിയയുടെ പ്രസിഡന്റ് പദവിയുടെ അവസാനത്തെ കുറിച്ചാണെന്ന് വ്യക്തമാക്കി. ഛത്തീസ്ഗഢ് കോൺഗ്രസ് ചുമതലയുള്ള നേതാവാണ് കുമാരി ഷെൽജ.
അതേസമയം, ഇന്ന് വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് സമ്മേളനത്തിന് തിരശില വീഴുക. ഇന്ന് രാവിലെ പ്ലിനറി സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളിൽ പൊതു ചർച്ച തുടരും. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രവർത്തകസമിതി അംഗങ്ങളുടെ പ്രഖ്യാപനം വൈകും. അംഗങ്ങളെ അന്തിമമായി നിശ്ചയിക്കുന്നതിന് മുമ്പ് വിശദമായ ചർച്ച നടത്താൻ തീരുമാനം. പ്രധാന നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷൻ ആശയവിനിമയം നടത്തും. പ്രവർത്തകസമിതി പ്രഖ്യാപനത്തിൽവിവാദം ഒഴിവാക്കുക ലക്ഷ്യം. പ്ലിനറി സമ്മേളനത്തിൽ പ്രവർത്തകസമിതി അംഗങ്ങളെ പ്രഖ്യാപിക്കില്ല.
0 Comments