banner

14 കാരനായ വിദ്യാർഥി അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങി: നാടെങ്ങും തിരച്ചിൽ, സോഷ്യൽ മീഡിയയിലും പ്രചാരണം; പിന്നാലെ മണിക്കൂറുകള്‍ക്ക് ശേഷം വിശന്നപ്പോള്‍ തിരിച്ചെത്തി

അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങിയ കുട്ടി ഒടുക്കം വിശന്നപ്പോള്‍ തിരിച്ചെത്തി. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിക്ക് വീടുവിട്ടിറങ്ങിയ കുട്ടി മണിക്കൂറുകളോളമാണ് വീട്ടുകാരെയും നാട്ടുകാരേയും പരിഭ്രമത്തിലാഴ്ത്തിയത്. 

ഹരിപ്പാട് സ്വദേശിയായ 14 കാരനാണ് ഇറങ്ങിപോയത്. അമ്മയോട് പിണങ്ങി വീട് വിട്ടിറങ്ങിയ കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ഇതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. വീട്ടുകാരും നാട്ടുകാരും ഉള്‍പ്പെടെ എല്ലാവരും അന്വേഷണത്തില്‍ ഏര്‍പ്പെട്ടിരുന്നു. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളിലും ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലുമെല്ലാം തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. കൂടാതെ പൊലീസിലും വിവരമറിയിച്ചിരുന്നു. 

സമൂഹമാധ്യമങ്ങളിലും കുട്ടിയെ കാണാതായ വിവരം പങ്കുവെച്ചു.
എന്നാല്‍ ഈ കാര്യങ്ങളൊന്നുമറിയാതെ കുട്ടി ഒടുവില്‍ തനിയെ തിരികെ വന്നു. താന്‍ ഒളിച്ചിരുന്നത് വീടിന്റെ പരിസരത്ത് തന്നെ ആയിരുന്നുവെന്നും വിശപ്പ് സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ തിരികെ വന്നതാണെന്നും കുട്ടി പറഞ്ഞു. ഇതോടെ നീണ്ട തെരച്ചിലില്‍ കുട്ടിയെ കണ്ട് കിട്ടാതെ വിഷമിച്ച വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമായി. 

വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ഒളിച്ചിരിക്കുകയായിരുന്നു കുട്ടി. ഉച്ചയോടെയാണ് തിരികെയെത്തിയത്. ഹരിപ്പാട് പൊലീസ് കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.


Post a Comment

0 Comments