കഴിഞ്ഞ ദിവസമാണ് ചെന്നിത്തല ചെറുകോൽ സ്വദേശിയായ പെൺകുട്ടി വീടുവിട്ട് കാമുകനൊപ്പം പോയത്. ചെറുകോൽ ഗോകുൽ നിവാസിൽ ഗോകുലിനൊപ്പമാണ് പെൺകുട്ടി വീടുവിട്ടത്. ഗോകുലും പെൺകുട്ടിയും തമ്മിൽ കുറച്ചു കാലമായി പ്രണയത്തിലായിരുന്നു എന്നാണ് വിവരം. കൂടുതൽ അന്വേഷണത്തിൽ പെൺകുട്ടി ഗോകുലിൻ്റെ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ച് അന്വേഷിച്ചെത്തിയതായിരുന്നു പെൺകുട്ടിയുടെ പിതാവും സഹോദരനും സഹോദരീ ഭർത്താവും. ഇവരുമായി ഗോകുലും സുഹൃത്തുക്കളും വാക്കേറ്റമുണ്ടാകുകയായിരുന്നു.
പെൺകുട്ടിയുടെ ബന്ധുക്കൾ എത്തുന്നതറിഞ്ഞ് ഗോകുൽ സുഹൃത്തുക്കളെ നേരത്തെ തയ്യാറാക്കി നിർത്തിയിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. പെൺകുട്ടിയെ കാണണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടപ്പോൾ ഗോകുലും സംഘവും ആ ആവശ്യം നിരാകരിക്കുകയായിരുന്നു. തുടർന്നാണ് ഇതിൻ്റെ പേരിൽ വാക്കേറ്റം നടന്നത്. വാക്കേറ്റത്തിനിടയിൽ പെൺകുട്ടിയുടെ ബന്ധുക്കളെ ഗോകുലും സുഹൃത്തുക്കളും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പെൺകുട്ടിയുടെ പിതാവിൻ്റെ തലയ്ക്ക് പരിക്കുണ്ടെന്നാണ് വിവരം.
പിതാവ് ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് മർദ്ദനമേറ്റ വിവരമറിഞ്ഞ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ഗോകുൽ(19), ഇടശ്ശേരിയത്ത് വൈഷ്ണവ് (20), ഗ്രാമം ചിറയിൽ മേക്കതിൽ ഉണ്ണി (ഷാനറ്റ്25) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
മാന്നാർ സിഐ ജോസ് മാത്യുവിൻ്റെ നേതൃത്വത്തിൽ എസ്ഐ അഭിരാം, അഡീഷണൽ എസ്.ഐമാരായ മധുസൂദനൻ, മോഹൻദാസ്, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ദീഖുൽ അക്ബർ, പ്രമോദ്, ഹരിപ്രസാദ് , സാജിദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
0 تعليقات