banner

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ ഇനി ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡിൻ്റെ മേല്‍നോട്ടത്തിൽ; അണുബാധ മാറിക്കഴിഞ്ഞാലുടന്‍ മുൻ മുഖ്യമന്ത്രി എയര്‍ആംബുലന്‍സില്‍ ബെഗുളുരുവിലേക്ക്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ അടങ്ങുന്നതാണ് മെഡിക്കല്‍ ബോര്‍ഡ് . നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.

ഇന്നലെ രാത്രിയാണ് ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ സ്ഥിരീകരിച്ചതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അണുബാധ മാറിക്കഴിഞ്ഞാലുടന്‍ ഉമ്മന്‍ചാണ്ടിയെ എയര്‍ആംബലന്‍സില്‍ വിദഗ്ധചികില്‍സയ്ക്കായി ബംഗംളൂരുവിലേക്ക് കൊണ്ടുപോകും. ഇതിന്റെ ചെലവ് കോണ്‍ഗ്രസ് വഹിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം മന്ത്രി വീണാ ജോര്‍ജ് രാവിലെ ആശുപത്രിയിലെത്തി ഉമ്മന്‍ചാണ്ടിയെ കണ്ടു.
തുടര്‍ന്ന് മന്ത്രി മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കല്‍ ബോര്‍ഡ് അവലോകനം ചെയ്യും.

മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തും. ഉമ്മന്‍ചാണ്ടിയുടെ ഇളയമകള്‍ അച്ചുഉമ്മനും ആശുപത്രിയിലെത്തി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് നെഫ്രോളജി വകുപ്പ് മേധാവി ഡോ.മഞ്ജു തമ്പി പറഞ്ഞു.

Post a Comment

0 Comments