Latest Posts

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

തൃശൂർ : തൃശൂർ കൊടുങ്ങല്ലൂരിൽ ആത്മഹത്യാശ്രമം നടത്തിയ യുവതിക്ക് നേരെ ക്രൂരത. ആംബുലൻസിൽ വെച്ചും ആശുപത്രിയിൽ വെച്ചും യുവതിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായി. ആശുപത്രി ജീവനക്കാരനായ ദയാലാലാണ് ലൈംഗികാതിക്രമം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലാണ് കയ്പമംഗലം സ്വദേശിയായ യുവതി ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയ്‌ക്കെത്തുന്നത്. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ കൂടെ ബന്ധുക്കളാരുമുണ്ടായിരുന്നില്ല. അനാഥയായ യുവതിയുടെ ഭർത്താവ് വിദേശത്താണ്. ഇത് മനസ്സിലാക്കി ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിൽ താൽക്കാലിക ജീവനക്കാരനായ ദയാലാൽ യുവതിക്കൊപ്പം ആംബുലൻസിൽ കയറുകയും അർധ അബോധാവസ്ഥയിലായ യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് മെഡിക്കൽ കോളജിലെത്തിയ ശേഷവും ലൈംഗികാതിക്രമമുണ്ടായി.

പെൺകുട്ടിയുടെ ബന്ധു എന്ന നിലയിലാണ് ഇയാൾ ആശുപത്രിയിൽ പെരുമാറിയത്. ബോധം തിരികെ വന്ന പെൺകുട്ടി മറ്റ് രോഗികളുടെ ബന്ധുക്കളോടും നഴ്‌സിനോടും പീഡനം നടന്ന വിവരം പറയുകയും ഇവർ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഇതറിഞ്ഞ ഉടൻ ദയാലാൽ ആശുപത്രിയിൽ നിന്ന് മുങ്ങി. എന്നാൽ കൊടുങ്ങല്ലൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും മെഡിക്കൽ കോളജ് പൊലീസിന് കൈമാറുകയും ചെയ്തു. ഇന്ന് ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കും.

സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് തൃശൂർ മെഡിക്കൽ കോളജ് സൂപ്രണ്ടിന് നൽകിയിരിക്കുന്ന നിർദേശം.

0 Comments

Headline