banner

സിഐസി ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിട്ടില്ലെന്ന് ഹക്കീം ഫൈസി ആദൃശ്ശേരി

മലപ്പുറം : സിഐസി (കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്) ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിട്ടില്ലെന്ന് ഹക്കീം ഫൈസി ആദൃശ്ശേരി. ഇന്നലെ പാണക്കാട് എത്തി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും രാജ്യസന്നദ്ധത അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകിട്ട് പാണക്കാട് തങ്ങളുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. ശേഷം രാജി സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്നും വൈകിട്ട് മാധ്യമങ്ങളെ കാണാമെന്നും ആദൃശ്ശേരി പ്രതികരിച്ചു.

ചൊവ്വാഴ്ച്ച രാത്രി പാണക്കാട്ടെത്തി സാദിഖലി തങ്ങളുമായി ഹക്കീം ഫൈസി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ആദ്യശ്ശേരിയെ വിളിച്ചുവരുത്തി തങ്ങൾ രാജി ആവശ്യപ്പെട്ടു എന്നായിരുന്നു റിപ്പോർട്ട്. നടപടി നേരിടുന്ന ഹക്കീം ഫൈസിയുമായി വേദി പങ്കിടരുതെന്ന് എസ്‌വെഎസ്, എസ്‌കെഎസ്എസ്എഫ് യോഗത്തിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ എസ്വൈഎസിന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയായ സാദിഖലി തങ്ങൾ കഴിഞ്ഞ ദിവസം വാഫി കോളേജ് ഉദ്ഘാടനച്ചടങ്ങിൽ ഫൈസിക്കൊപ്പം വേദി പങ്കിട്ടത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

കുഞ്ഞാലിക്കുട്ടിയും പാണക്കാട്ടെ കൂടികാഴ്ച്ചയിൽ പങ്കെടുത്തു. സംഘടന വിരുദ്ധ പ്രവർത്തനങ്ങളുടെയും ആദർശ വിരുദ്ധ പ്രചാരണങ്ങളുടെയും പേരിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അച്ചടക്ക നടപടി സ്വീകരിച്ച അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയുടെ കൂടെ സംഘടന നേതാക്കളും പ്രവർത്തകരും വേദി പങ്കിടുകയോ സഹകരിക്കുകയോ ചെയ്യരുതെന്നായിരുന്നു സുന്നി യുവജന സംഘം അറിയിച്ചിരുന്നത്. എസ്‌കെഎസ്എസ്എഫ് സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗത്തിലായിരുന്നു തീരുമാനം.

Post a Comment

0 Comments