banner

കൊടും തണുപ്പിലും ജീവന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു!, തുർക്കിയിലും സിറിയയിലും ഒരു രാത്രി കൊണ്ട് സംഭവിച്ചത് നികത്താനാകാത്ത നഷ്ടം, മനുഷ്യരാശി ഒന്നടങ്കം ദൈവത്തെ വിളിക്കുന്നു!!!


"ഒരു രാത്രി പുലർന്നപ്പോഴേക്കും ഒന്നുമില്ലാതായ കുറേയേറെ മനുഷ്യർ മാത്രമായി ആ പ്രദേശത്ത് ജീവനോടെ ബാക്കിയുള്ളവർ. തലേ ദിവസവരെ ബന്ധുബലവും സമ്പത്തും കൂട്ടിനുണ്ടായിരുന്നവർ ഒരു രാത്രിയുടെ വ്യത്യാസത്തിൽ അനാഥരായി"....... 
ഭൂകമ്പങ്ങളുടെ പശ്ചാത്തലത്തിൽ അഷ്ടമുടി ലൈവ് എഡിറ്റർ തുർക്കിയുടെ ഏറ്റവും പുതിയ സാഹചര്യം വിലയിരുത്തുന്നു...

കൊടും തണുപ്പ് അവഗണിച്ച് തുർക്കിയിലും സിറിയയിലും രക്ഷാപ്രവർത്തകർ ജീവനോടെ ഓരോ മനുഷ്യരെയും മണ്ണിടയിൽ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ മണിക്കൂറുകളിൽ പുറത്തു വന്ന ചിത്രങ്ങളും വീഡിയോകളും ആരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു. മാരകമായ ഭൂകമ്പങ്ങൾക്കും തുടർചലനങ്ങൾക്കും പിന്നാലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരെ തിരയുന്ന ചിത്രങ്ങളും രക്ഷാപ്രവർത്തകർ തണുത്തുറഞ്ഞ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതും ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ തന്നെയാണ്.

തിങ്കളാഴ്ച പുലർച്ചെയോടെയാണ് സിറിയൻ അതിർത്തിക്കടുത്തുള്ള തെക്ക്-കിഴക്കൻ തുർക്കിയിൽ ഭൂകമ്പം ഉണ്ടാകുന്നത്. ഗാസിയാൻടെപ് പട്ടണത്തിന് സമീപം ഉണ്ടായ ഭൂകമ്പത്തിന് തൊട്ടുപിന്നാലെ പ്രദേശത്ത് നിരവധി തുടർചലനങ്ങളും ഉണ്ടായി ഇവ കനത്ത അപകടം സൃഷ്ടിച്ചു. നിലവിലെ കണക്കനുസരിച്ച് ആറായിരത്തോളം പേർ മരണത്തിന് കീഴടങ്ങി. ആയിരക്കണക്കിന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനത്തിൽ അംബരചുംബികളായ കെട്ടിടങ്ങൾ പോലും നിലംപൊത്തി.

ഒരു രാത്രി പുലർന്നപ്പോഴേക്കും ഒന്നുമില്ലാതായ കുറേയേറെ മനുഷ്യർ മാത്രമായി ആ പ്രദേശത്ത് ജീവനോടെ ബാക്കിയുള്ളവർ. തലേ ദിവസവരെ ബന്ധുബലവും സമ്പത്തും കൂട്ടിനുണ്ടായിരുന്നവർ ഒരു രാത്രിയുടെ വ്യത്യാസത്തിൽ അനാഥരായി. കഴിഞ്ഞ 200 വർഷത്തിലേറെയായി വലിയ ഭൂകമ്പമോ മുന്നറിയിപ്പ് സൂചനകളോ ഉണ്ടായിട്ടില്ലാത്ത ഒരു പ്രദേശമായിരുന്നു അത്, അതിനാൽ ഭൂചലനത്തെ നേരിടാൻ വേണ്ട സജ്ജീകരണങ്ങളുടെ അഭാവം രക്ഷപ്പെടേണ്ടിയിരുന്നവരുടെ പോലും മരണത്തിന് കാരണമായി. മാത്രമല്ല കെട്ടിടങ്ങളുടെ ബലക്കുറവും നിലംപൊത്തലിന് കാരണമായേക്കാമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.

ഇന്ന് ബുധനാഴ്ച പുലരുമ്പോൾ തുർക്കി - സിറിയൻ ജനത ആശങ്കയിലാണ്. വരുന്ന മണിക്കൂറുകൾ അവർക്ക് നിർണ്ണായകമാണ്. കാരണം കാണാതായവരുടെ ജീവന് മേലുള്ള പ്രതീക്ഷ വരുന്ന മണിക്കൂറുകളിൽ പകുതിയായി കുറയുമെന്നാണ് വിദഗ്ധാഭിപ്രായം. അതിനാലാണ് ഇനിയുള്ള മണിക്കൂറുകളിലേക്ക് ലോക ജനത പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. എന്നാൽ ഇപ്പോഴും കണ്ടെത്താനാകാത്തവരെ ജീവനോടെ തന്നെ കണ്ടെത്താനാകട്ടെയെന്നാണ് മനുഷ്യരാശി മുഴുവൻ പ്രതീക്ഷ വയ്ക്കുന്നത്. അവ സത്യമാകുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം.

(All images used in this article are from their respective owners and we do not claim ownership. Please get in touch if you want something removed from here Email: chiefeditor.ashtamudylivenews@gmail.com)

Post a Comment

0 Comments