banner

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പ്രതിമ അനാച്ഛാദനത്തിനൊരുങ്ങുന്നതായി അധികൃതർ

മുംബൈ : ആരാധകര്‍ക്കായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പ്രതിമ അനാച്ഛാദനത്തിനൊരുങ്ങുന്നു.

വിഖ്യാതമായ വാങ്കഡെ സ്റ്റേഡിയത്തിലാണ് പ്രതിമ സ്ഥാപിക്കുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അമോല്‍ കാളെയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

2023 ഒക്ടോബറില്‍ ആരംഭിക്കുന്ന ഐ.സി.സി. ഏകദിന ലോകകപ്പ് കാലത്ത്‌ പ്രതിമ അനാച്ഛാദനം ചെയ്യാനാണ് തീരുമാനം. ഇതാദ്യമായാണ് വാങ്കഡെ സ്റ്റേഡിയത്തില്‍ ഒരു താരത്തിന്റെ പ്രതിമ സ്ഥാപിക്കാനൊരുങ്ങുന്നത്. സച്ചിന്‍ 2011 ഏകദിന ലോകകപ്പ് നേടിയതും വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ചാണ്.

‘ഈ തീരുമാനം എന്നെ സംബന്ധിച്ചിടത്തോളം ആശ്ചര്യപ്പെടുത്തുന്നതാണ്. എന്റെ യാത്ര തുടങ്ങുന്നത് തന്നെ ഇവിടെ നിന്നാണ്. ഞാന്‍ ആദ്യമായി രഞ്ജി ട്രോഫി കളിച്ചതും അവസാനമത്സരം കളിച്ചതും ഈ സ്റ്റേഡിയത്തില്‍ വെച്ചാണ്. ഇവിടെ എനിക്ക് ഒരുപിടി ഓര്‍മകളുണ്ട്. മനോഹരമായതും അത്ര നല്ലതല്ലാത്തതുമായവ. എന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നിമിഷമാണ്’- ഓര്‍മകള്‍ വീണ്ടെടുത്തുകൊണ്ട് സച്ചിന്‍ പറഞ്ഞു.

ഇന്ത്യക്കായി 200 ടെസ്റ്റുകളും 463 ഏകദിനങ്ങളും ഒരു ട്വന്റി-20 യും കളിച്ച സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ്. കരിയറില്‍ 100 സെഞ്ചുറി നേടിക്കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ചുറി നേടിയ താരമെന്ന റെക്കോര്‍ഡും സച്ചിന്‍ സ്വന്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments