കൊച്ചി : നടിയും അവതാരകയുമായ സുബി സുരേഷിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി അന്ത്യസമയത്ത് അവരെ ചികിത്സിച്ചിരുന്ന രാജഗിരി ആശുപത്രി സൂപ്രണ്ട് ഡോ.സണ്ണി പി.ഓരത്തേൽ. കരൾമാറ്റ ശസ്ത്രക്രിയ വൈകിയതല്ല സുബിയുടെ ആകസ്മിക നിര്യാണത്തിനു കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി. പതിവിലും വേഗത്തിലാണ് സുബിയുടെ കരൾമാറ്റ ശസ്ത്രക്രിയയുടെ നടപടികൾ മുന്നോട്ടുപോയത്. കരൾ ദാതാവിനെ ഉൾപ്പെടെ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും സുബിയുടെ ആരോഗ്യസ്ഥിതി മോശമായത് ശസ്ത്രക്രിയ വൈകിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. സുബിയുടെ വേർപാട് ഒഴിവാക്കാനാകുമായിരുന്നെന്നും, നിയമത്തിന്റെ നൂലാമാലകളാണ് പ്രശ്നമെന്നും നടൻ സുരേഷ് ഗോപി കുറ്റപ്പെടുത്തിയിരുന്നു
സുബി സുരേഷ് ഇക്കഴിഞ്ഞ ജനുവരി 20നാണ് കരൾ സംബന്ധമായ അസുഖവുമായി രാജഗിരി ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. ഇവിടെയെത്തുമ്പോൾത്തന്നെ സുബിക്ക് കരൾ സംബന്ധമായിട്ട് ശരിക്കും രോഗമുണ്ടായിരുന്നു. ഇവിടെ വന്ന ശേഷമാണ് അവരുടെ രോഗം മൂർച്ഛിച്ചത്. സുബി ഇവിടെ വന്നതുമുതൽ കരളിനു വേണ്ട ചികിത്സ കൃത്യമായി നൽകിയിട്ടുണ്ട്. ഇൻഫെക്ഷൻ നിയന്ത്രിക്കുന്നതിനു വേണ്ട എല്ലാ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിർഭാഗ്യവശാൽ കരൾ രോഗികളുടെ രോഗ പ്രതിരോധശേഷി തീരെ കുറവായിരിക്കും. അങ്ങനെ വരുമ്പോൾ അവർ ചികിത്സാ രീതികളോട് പ്രതികരിക്കുന്നതും പല വിധത്തിലായിരിക്കും. സുബി ഇവിടെ എത്തിയതു മുതൽ ആവശ്യമായ എല്ലാ ചികിത്സയും നൽകിയെങ്കിലും അതിനോടുള്ള പ്രതികരണം തീർത്തും സാവധാനമായിരുന്നു. പ്ലാസ്മ എക്സ്ചേഞ്ച് ഉൾപ്പെടെയുള്ള ചികിത്സകൾ പോലും ചെയ്തുനോക്കി. അപ്പോഴും ആശാവഹമായ പുരോഗതിയുണ്ടായില്ല.
ആ നിമിഷം മുതൽ സുബിക്ക് കരൾ നൽകാനുള്ള ആളെ കണ്ടെത്താൻ അവർ ശ്രമിക്കുന്നുണ്ടായിരുന്നു. ആശുപത്രിയുടെ ഭാഗത്തുനിന്ന് ചെയ്യാനാകുന്ന സഹായങ്ങൾ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഡോക്ടർമാരും ചികിത്സിക്കുന്ന ഉദരരോഗ വിഭാഗത്തിലെ ഡോക്ടർമാരും നൽകുന്നുണ്ടായിരുന്നു. ക്രിട്ടിക്കൽ കെയറിലെ ഡോ.ജേക്കബ് വർഗീസ് ഉൾപ്പെടെയുള്ളവരും ഇതിനായി കാര്യമായ ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു.
0 Comments