Latest Posts

ഡോക്യുമെന്‍ററി പുറത്ത് വന്ന സമയം യാദൃശ്ചികമല്ല, ഇന്ത്യയുടെ യശസ് കളങ്കപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗം; ബിബിസി ഡോക്യുമെന്ററിക്ക് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് എസ് ജയശങ്കർ

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ യശസ് കളങ്കപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണ് പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്‍ററിയെന്ന് വിദേശ കാര്യമന്ത്രി. രാജ്യ വിരുദ്ധ ശക്തികള്‍ ഇന്ത്യക്കകത്തും പുറത്തും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ എസ് ജയശങ്കർ ആരോപിച്ചു. 

ചൈനക്കെതിരെ സര്‍ക്കാര്‍ അനങ്ങുന്നില്ലെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തിന് രാഹുല്‍ ഗാന്ധിയാണോ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയച്ചതെന്നും വിദേശകാര്യമന്ത്രി ചോദിച്ചു. കൊവിഡ് കാലം മുതല്‍ തുടങ്ങിയതാണ് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം. മറ്റ് രാജ്യങ്ങളിലും ആളുകള്‍ കൂട്ടത്തോടെ മരിച്ചു. ഇന്ത്യയിലെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതുപോലെ മറ്റ് ഏത് രാജ്യത്തെയെങ്കിലും ചിത്രങ്ങള്‍ പുറത്ത് വന്നോയെന്ന് വിദേശ കാര്യമന്ത്രി ചോദിച്ചു. അതേ രീതിയാണ് ഇരുപത് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്‍റെ ഡോക്യുമെന്‍ററി ചിത്രീകരണവും. കൃത്യമായ രാഷ്ട്രീയം ഇതിന് പിന്നിലുണ്ട്. ഡോക്യുമെന്‍ററി പുറത്ത് വന്ന സമയം യാദൃശ്ചികമല്ല.രാജ്യത്ത് തെരഞ്ഞെടുപ്പുകള്‍ തുടങ്ങുന്നു. അന്താരാഷ്ട്ര തലത്തിലും ഇന്ത്യ തിളങ്ങി നില്‍ക്കുന്ന സമയം. അപ്പോള്‍ പ്രധാനമന്ത്രിയുടെയും, രാജ്യത്തിന്‍റെയും നിലപാട് തീവ്രമാണെന്ന് വരുത്താനാണ് ഡോക്യുമെന്‍ററിയിലൂടെ ശ്രമിച്ചതെന്ന് ജയ് ശങ്കര്‍ കുറ്റപ്പെടുത്തി. 

ഇന്ത്യ ചൈന അതിര്‍ത്തി വിഷയത്തിലും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രചാരണമാണ് നടന്നത്. പ്രധാനമന്ത്രിയോ സര്‍ക്കാരോ ചൈനക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ലെന്നും, നടപടികള്‍ സ്വീകരിക്കുന്നില്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാതി. പ്രധാനമന്ത്രിയാണ് സൈന്യത്തെ അങ്ങോട്ട് അയച്ചതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.

അദാനി വിവാദം കൂടി ശക്തമായ പശ്ചാത്തലത്തിലാണ് ബിബിസി വിവാദത്തിലെ നിലപാട് മന്ത്രി വ്യക്തമാക്കുന്നത്. സര്‍ക്കാരിനെതിരെ സമീപകാലത്തുയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ അന്താരാഷ്ട്രനീക്കമാണെന്നാണ് വിദേശകാര്യമന്ത്രി പറഞ്ഞു വയക്കുന്നത്. 

0 Comments

Headline