banner

ക്വട്ടേഷൻ നൽകി പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകനടക്കം മൂന്നു പേർ അറസ്റ്റിൽ

ബെം​ഗളൂരു : ക്വട്ടേഷൻ നൽകി പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകനുൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. മകൻ മണികാന്ത, ആദർശ, ശിവകുമാർ എന്നിവരാണ് അറസ്റ്റിലായത്. അച്ഛൻ നാരായണ സ്വാമിയെയാണ് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയത്. ഇതിനായി ഒരു കോടി രൂപയാണ് സംഘത്തിന് വാഗ്ദാനം നൽകിയത്. സ്വത്ത് തർക്കത്തിൻ്റെ പേരിലായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 13 നായിരുന്നു സംഭവം.

നാരായണ സ്വാമി ഫ്ളാറ്റിനു പുറത്ത് നിൽക്കുന്ന സമയത്ത് ബൈക്കിലെത്തിയ രണ്ട് പേർ വടിവാളുകൊണ്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുന്ന സമയം മകനായ മണികാന്ത കൊലപാതകം നോക്കി നിന്നു. ശേഷം മാറത്ത ഹള്ളി പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

മകൻ്റെ ഭാര്യയായ അർച്ചനക്ക് നാരായാണ സ്വാമി സ്വന്തം ഫ്ളാറ്റ് എഴുതി നൽകാനെടുത്ത തീരുമാനമാണ് കൊലപാതകത്തിൽ കലാശിച്ചത്. അർച്ചന സാമ്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് ഫ്ളാറ്റ് അവരുടെ പേരിൽ എഴുതി നൽകാൻ നാരായണ സ്വാമി തീരുമാനമെടുത്തത്. കേസിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മകൻ്റെ പങ്ക് കണ്ടെത്തി. തുടർന്ന് അറസ്റ്റ് ചെയ്തു.

ഭാര്യയുടെ പേരിൽ ഫ്ളാറ്റെഴുതി നൽകുന്നുവെന്ന വിവരമറിഞ്ഞതിനെ തുടർന്ന് ജയിലിൽ വെച്ച് പരിചയപ്പെട്ട ആദർശ, ശിവകുമാർ എന്ന രണ്ടുപേർക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു. ഒരു കോടി രൂപക്കാണ് ക്വട്ടേഷൻ ഏർപ്പെടുത്തിയത്. അഡ്വാൻസായി ഒരു ലക്ഷം രൂപ നൽകുകയും ചെയ്തു.

Post a Comment

0 Comments