ഇതിനിടെ തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 37,000 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയില്‍ 31,700 മരണവും സിറിയയില്‍ 5,700 മരണവുമാണ് സ്ഥിരീകരിച്ചത്. ഭൂകമ്പത്തില്‍ 6,589 കെട്ടിടങ്ങളാണ് ഇരുരാജ്യങ്ങളിലുമായി തകര്‍ന്നടിഞ്ഞത്. തുര്‍ക്കിയിലും സിറിയയിലുമായി 8.7 ലക്ഷം പേര്‍ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഭൂകമ്പം 2.6 കോടി ജനങ്ങളെ ബാധിച്ചതായാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.
ഭൂകമ്പം ബാധിച്ച സിറിയയില്‍ സഹായമെത്തിക്കുന്നതിനായി രണ്ട് അതിര്‍ത്തി ക്രോസിംഗുകള്‍ കൂടി തുറക്കുമെന്നും യുഎന്‍ അറിയിച്ചിട്ടുണ്ട്. ‘ഞങ്ങള്‍ ഇപ്പോള്‍ ഒരു ക്രോസിംഗ് മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വീണ്ടും ഒരു ക്രോസിംഗ് കൂടി തുറക്കുമ്പോള്‍ ദുരന്തബാധിത മേഖലകളിലേക്ക് കടക്കാന്‍ അത് വലിയ സഹായമായിരിക്കു’മെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
വിമതരുടെ നിയന്ത്രണത്തിലുള്ള വടക്ക്-പടിഞ്ഞാറന്‍ സിറിയയിലേക്കുള്ള ക്രോസിംഗുകള്‍ തുടക്കത്തില്‍ മൂന്ന് മാസത്തേക്ക് തുറന്നിരിക്കുമെന്ന് യുഎന്‍ അറിയിച്ചു. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന് സഹായം ലഭിക്കാത്തതില്‍ നിരവധി സിറിയക്കാര്‍ രോഷാകുലരാണ്. എന്നാല്‍ പാശ്ചാത്യ ഉപരോധം രാജ്യത്തിന്മേല്‍ ഏര്‍പ്പെടുത്തിയ ആഘാതമാണ് രക്ഷാപ്രവര്‍ത്തനങ്ങളിലെ ബുദ്ധിമുട്ടുകള്‍ക്ക് കാരണമെന്ന് പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സര്‍ക്കാര്‍ കുറ്റപ്പെടുത്തി. അസദ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും രാജ്യത്തിന്റെ എല്ലാ മേഖലകളുമായി ഇടപഴകാനുള്ള വിസമ്മതവുമാണ് പ്രധാന തടസ്സങ്ങളെന്നാണ് അന്താരാഷ്ട്ര സഹായ സംഘങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
0 Comments