banner

രണ്ട് വര്‍ഷത്തിലധികം നീണ്ട ജയിൽവാസം: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ നാളെ ജയിൽ മോചനം നേടും

ന്യൂഡൽഹി : ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ നാളെ ജയില്‍ മോചിതനാകും.
റിലീസിങ് ഓര്‍ഡര്‍ കോടതി ജയിലേക്ക് അയച്ചു. മോചനത്തിനുള്ള മറ്റു നടപടികള്‍ പൂര്‍ത്തിയായി.

ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത യു എ പി എ കേസില്‍ സുപ്രീംകോടതിയും, ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് സിദ്ദിഖ് കാപ്പന് ജയില്‍ മോചിതനാകാന്‍ വഴിയൊരുങ്ങിയത്.

യുപി പൊലീസിന്‍റെ കേസില്‍ വെരിഫിക്കേഷന്‍ നടപടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ഇ ഡി കേസിലും വെരിഫിക്കേഷന്‍ പൂര്‍ത്തിയായതോടെയാണ് ജയില്‍ മോചനം സാധ്യമാകുന്നത്.

അവസാന ഘട്ട നടപടികള്‍ പൂര്‍ത്തിയാതോടെ കോടതി റിലീസിങ് ഓര്‍ഡര്‍ ലഖ്‌നോ ജയിലിലേക്ക് അയച്ചു. 

ഇതോടെ സിദ്ദിഖ്‌ കാപ്പന് നാളെ ജയില്‍ മോചിതനാകാന്‍ കഴിയും.
കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎപിഎ കേസില്‍ സുപ്രീംകോടതി സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കിയത്. ഡിസംബറില്‍ അലഹബാദ് ഹൈക്കോടതി ഇ ഡി കേസിലും ജാമ്യം നല്‍കി.

ഹാഥ്റാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോയപ്പോഴാണ് സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയെുള്ളവരെ 2020 ഒക്ടോബര്‍ അഞ്ചിന് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യു എ പി എ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് അറസ്റ്റിലായി രണ്ട് വര്‍ഷവും മൂന്ന് മാസവും പൂര്‍ത്തിയാകുമ്പോഴാണ് സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനാകുന്നത്.

إرسال تعليق

0 تعليقات