banner

കൊല്ലം കോടതിയിലും കളക്ടറേറ്റിലുമായി എത്തുന്ന വ്യാജ ബോംബ് ഭീഷണി കത്തുകൾക്ക് പിന്നിലെ ചുരുളഴിയുന്നു; അഞ്ചാലുംമൂട് തൃക്കടവൂര്‍ സ്വദേശികളായ അമ്മയും മകനും പൊലീസ് പിടിയിൽ; സിനിമയെ വെല്ലുന്ന കുറ്റകൃത്യത്തിൻ്റെ കഥയിങ്ങനെ

കൊല്ലം : വര്‍ഷങ്ങളായി കൊല്ലം കോടതിയിലും കളക്ടറേറ്റിലുമായി വരുന്ന വ്യാജ ബോംബ് ഭീഷണി കത്തുകളുടെ സൂത്രധാരന്‍ പോലീസ് പിടിയില്‍. തൃക്കടവൂര്‍ വില്ലേജില്‍ മതിലില്‍ ചേരിയില്‍ പുത്തന്‍പുര സാജന്‍ വില്ലയില്‍ സാജന്‍ ക്രിസ്റ്റഫര്‍ (34), മാതാവ് കൊച്ചുത്രേസ്യ (62) എന്നിവരാണ് പോലീസ് പിടിയിലായത്.

2014 ല്‍ സാജനും സുഹൃത്തായ അമല്‍ജോണ്‍സനും ചേര്‍ന്ന് അമല്‍ജോണ്‍സന്‍റെ കാമുകിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അശ്ലീല ചിത്രങ്ങളും മെസേജുകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിചാരണ നടന്ന് വരികയാണ്. ഈ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ വരാറുള്ള പ്രതി സാജന്‍ ക്രിസ്റ്റഫര്‍ കോടതിയ്ക്കും ജില്ലാ ജഡ്ജിക്കും കളക്ടര്‍ക്കും വ്യാജ അശ്ലീല കത്തുകളും ഭീഷണി കത്തുകളും അയച്ചുകൊണ്ടിരുന്നു. 

അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയാകാനിരിക്കെയാണ് തുടര്‍ന്നും ഇത്തരത്തിലുള്ള വ്യാജ കത്തുകളും ഭീഷണി കത്തുകളും ജെ.പി എന്ന ചുരുക്ക നാമത്തില്‍ അയച്ച് കൊണ്ടിരുന്നത്. കളക്ടറേറ്റ് ബോംബ് ഭീഷണി കേസില്‍ നാളുകളായി പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു സാജന്‍ ക്രിസ്റ്റഫര്‍. അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് കോടതിയുടെ അനുമതിയോടെ സാജന്‍ ക്രിസ്റ്റഫറുടെ വീട് പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 

സാജന്‍റെ വീട്ടില്‍ നിന്നും ഏഴ് മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്കുകളും അമ്പതോളം ഭീഷണി കത്തുകളും പോലീസ് കണ്ടെടുത്തു. ഇതില്‍ കോടതിയില്‍ വന്ന അതേ കൈപ്പടയില്‍ ജെ.പി എന്ന ചുരുക്ക നാമത്തില്‍ സാജനെയും അമ്മ കൊച്ചുത്രേസ്യയും ഭീഷണിപ്പെടുത്തി കൊണ്ടുള്ള പല കത്തുകളും ഉണ്ടായിരുന്നു, ഇത് പോലീസിനെ ആശയക്കുഴപ്പത്തില്‍ ആക്കിയെങ്കിലും തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതിയുടെ ക്രിമിനല്‍ ബുദ്ധിയുടെ ആഴം മനസിലായത്.

പ്രതി മജിസ്ട്രേറ്റിന് അയക്കാനായി വെച്ചിരുന്ന കത്തില്‍ ജിന്‍സണ്‍ എന്നയാളാണ് ഇത്തരത്തില്‍ ഭീഷണിക്കത്തുകള്‍ അയക്കുന്നതെന്നും അവന്‍റെ വാഹന നമ്പരും കൈ അക്ഷരവും പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും എന്ന സൂചന ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജിന്‍സനെ പോലീസ് ചോദ്യം ചെയ്തതില്‍ 2016 ല്‍ പ്രതിയും അമ്മയും കളക്ട്രേറ്റില്‍ വച്ച് കണ്ടിരുന്നു എന്നും കളക്ടര്‍ക്ക് പരാതി നല്‍കാന്‍ വന്നതാണെന്നും എഴുതാന്‍ അറിയില്ല എന്നും പറഞ്ഞ് തന്നെ കൊണ്ട് പരാതി എഴുതിപ്പിച്ചു എന്നും പറഞ്ഞു. തുടര്‍ന്ന് സാജന്‍ ക്രിസ്റ്റഫറെ ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

കളക്ട്രേറ്റില്‍ വച്ച് കണ്ട ആളുടെ വാഹന നമ്പര്‍ മനസിലാക്കിയ പ്രതി ആര്‍.ടി.ഒ സൈറ്റില്‍ നിന്നും ആര്‍.സി ഓണര്‍ ജിന്‍സന്‍റെ വിവരങ്ങള്‍ മനസിലാക്കിയും തന്‍റെ കൈവശം ഉണ്ടായിരുന്ന ജിന്‍സന്‍റെ പരാതിയില്‍ നിന്നും വര്‍ഷങ്ങളോളം ജിന്‍സെന്‍റ കൈയ്യക്ഷരം പകര്‍ത്തിയെഴുതി പഠിച്ചുമാണ് പ്രതി ഈ കൈയ്യക്ഷരത്തില്‍ കോടതിക്കും, കളക്ടര്‍ക്കും, സ്വന്തം വിലാസത്തിലും ഭീഷണി കത്തുകള്‍ അയച്ചു കൊണ്ടിരുന്നത്. 2014 ല്‍ നടന്ന കേസിന്‍റെ വിചാരണയില്‍ താനല്ല ആ കുറ്റം ചെയ്തതെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. അതിനാണ് പല കൈ അക്ഷരത്തില്‍ സ്വന്തം വിലാസത്തിലേക്കും ഭീഷണി കത്തുകള്‍ അയച്ചിരുന്നത്.

സാജന്‍ ക്രിസ്റ്റഫറുടേയും അമ്മ കൊച്ചുത്രേസ്യയുടേയും ഫോണില്‍ നിന്നും കളക്ടര്‍ക്കും ജഡ്ജിയ്ക്കും അയച്ചിരുന്ന കത്തുകളുടെ ഫോട്ടോകളും കണ്ടെടുത്തു. 2016 ല്‍ തുയ്യം വേളാങ്കണ്ണി പള്ളിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ബോംബ് വച്ചിരിക്കുന്നു എന്ന വ്യാജ മെസേജ് അയച്ചതും താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. അന്ന് വികാരിയായിരുന്ന ജോളി എബ്രഹാമിനോടുള്ള വിരോധമാണ് ഇപ്രകാരം ചെയ്യാന്‍ തന്നെ പ്രചരിപ്പിച്ചതെന്ന് പ്രതി പറയുന്നു. ഈ കേസ് നിലവില്‍ കൊല്ലം ഈസ്റ്റ് പോലീസിന്‍റെ അന്വേഷണത്തിലാണ്.

കൊല്ലം ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐപിഎസിന്‍റെ നിര്‍ദ്ദേശപ്രകാരം എസിപി അഭിലാഷിന്‍റെ നേതൃത്വത്തില്‍ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ സി.ഐ ഷെഫീഖ്, കണ്‍ട്രോള്‍ റൂം സിഐ ജോസ്, എസ്.ഐ അനീഷ്, ദീപു, ജ്യോതിഷ് കുമാര്‍, ഷെമീര്‍, ബിനു, ജലജ, രമ, ബിന്ദു, സുമ തുടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Post a Comment

0 Comments