അഞ്ചാലുംമൂട് : വീട്ടിലേക്കുള്ള വഴിയിലൂടെ ജീവൻ കയ്യിൽ പിടിച്ചു സഞ്ചരിക്കേണ്ട ദുർ ഗതിയിലാണ് തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ ഇരുപത് കുടുംബങ്ങൾ.
ആഴമേറിയ ഓടയുടെ വശങ്ങളിലൂടെയുള്ള ഇടുങ്ങിയ വഴിയിലൂടെയാണ് കൊച്ചു കുട്ടികൾ മുതൽ പ്രായാധിക്യം മൂലം അവശതകൾ അനുഭവിക്കുന്നവർ വരെ സഞ്ചരിക്കുന്നത്.
തൃക്കരുവാ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡായ നടുവിലച്ചേരിയിലെ ഇരുപതോളം കുടുംബങ്ങളാണ് വീട്ടിലേക്കെത്താൻ സുരക്ഷിതമായ ഒരു വഴി പോലുമില്ലാതെ വലയുന്നത്.
മുളയ്ക്കൽ ഏലായിൽ നിന്നും തുടങ്ങുന്ന ആഴമേറിയ തോടിന് മുകളിൽ കോൺഗ്രീറ്റ് മൂടിയില്ലാത്തതാണ് ഈ ദുരിത യാത്രയുടെ കാരണം.
പ്രായമായ നിരവധി ആളുകൾ താമസിക്കുന്ന വീടുകളാണ് തോടിന്റെ ഇരു കരകളിലുമുള്ളത് ഒരു അടിയന്തര സാഹചര്യം ഉണ്ടായാൽ വാഹനം കയറാൻ കഴിയാത്ത പ്രദേശമായതിനാൽ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനും കഴിയില്ല.
വെളിച്ചം പോലുമില്ലാതെ തോടിന്റെ വശങ്ങളിലൂടെ നടന്ന് അപകടത്തിൽപ്പെടുന്നതും ഇവിടെ സ്ഥിരം സംഭവമാണെന്ന് നാട്ടുകാർ പറയുന്നു.
തോട്ടിലേക്കുള്ള വീഴ്ചയിൽ തലയ്ക്കും കൈ കാലുകൾക്കും പൊട്ടലേറ്റവരും നിരവധിയാണ്.
മഴക്കാലമായാൽ തോട് നിറഞ്ഞു വിഷപ്പാമ്പുകൾ ഒഴുകി എത്തുന്നതും കരകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഭീഷണിയാണ്.
തോടിന് മുകളിൽ കോൺഗ്രീറ്റ് സ്‌ലാബ് നിരത്തി സുരക്ഷിതമായ വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും അനുകൂലമായ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
അടുത്ത മഴക്കാലത്തിന് മുൻപ് വിഷയത്തിൽ ഒരു ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു സമരം നടത്തുമെന്നും ദുരിതമനുഭവിക്കുന്ന കുടുംബാംഗങ്ങൾ പറഞ്ഞു.
0 Comments