banner

ഗർഭിണിയും ഭർത്താവും കാറിനുള്ളിൽ വെന്തുമരിച്ചു; മൃതദേഹങ്ങൾ സംസ്‌കരിച്ചു; സംഭവത്തെക്കുറിച്ച് നിസ്സഹായരായ ദൃക്സാക്ഷികൾ പറയുന്നതിങ്ങനെ


കണ്ണൂര്‍ : കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചതില്‍, ഡോര്‍ ലോക്ക് ആയതു രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായെന്നു ദൃക്സാക്ഷികളായ നാട്ടുകാർ. ചില്ലുകള്‍ തകര്‍ത്തു രണ്ടു പേരെയും രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത് (35), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്.

നടുറോഡിൽ കാർ നിന്നു കത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ. കാർ കത്തുന്നത് കണ്ട് ഓടികൂടിയ നാട്ടുകാർ കാറിനടുത്തുചെന്ന് രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞില്ല. ‘ഫയർഫോഴ്സിനെ വിളിയെടാ’ എന്നു നാട്ടുകാർ അലറുന്നത് വിഡിയോയിൽ കേൾക്കാം. കാറിൽനിന്ന് നിലവിളി ശബ്ദവും ഉയരുന്നുണ്ട്. കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു.

ഓടുന്ന മാരുതി കാറിന്റെ മുന്‍വശത്താണ് തീ കണ്ടത്. ഇത് ഉള്ളിലേക്കു പടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഓടിയെത്തിവര്‍ക്കു പിന്നിലിരുന്നവരെ രക്ഷിക്കാനായി. മുന്നിലിരുന്ന പ്രജിത് പിന്നിലെ ഡോറിന്റെ ലോക്ക് തുറന്നുനല്‍കുകയായിരുന്നെന്നും ചിലര്‍ പറഞ്ഞു.

ഒരു കുട്ടി ഉള്‍പ്പെടെ നാലു പേരാണ് പിന്‍സീറ്റില്‍ ഉണ്ടായിരുന്നത്. മുന്നിലെ ഡോര്‍ തുറക്കാനായില്ല. പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുമെന്ന ഭീതി, തീ പടര്‍ന്നതിനു ശേഷം വീണ്ടും ശ്രമം തുടരുന്നതില്‍നിന്ന് പിന്തിരിപ്പിച്ചതായും നാട്ടുകാര്‍ പറഞ്ഞു.

ജില്ലാ ആശുപത്രിക്കു സമീപം ഇന്നു രാവിലെയാണ് അപകടം. ഗര്‍ഭിണിയായ റീഷയെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. ഫയര്‍ സ്‌റ്റേഷനില്‍നിന്നു നൂറു മീറ്റര്‍ അകലെ വച്ചാണ് അപകടമുണ്ടായത്. ഇവിടെനിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തിയാണ് തീയണച്ചത്.

പിന്‍സീറ്റില്‍ ഉണ്ടായിരുന്നവരുടെ പരിക്ക് ഗുരുതരമല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പറഞ്ഞു. അപകടകാരണം എന്തെന്നു വ്യക്തമല്ല. ഇക്കാര്യത്തില്‍ വാഹന വിദഗ്ധരില്‍നിന്ന് അഭിപ്രായം ആരായും. എല്ലാ വശവും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നു രാവിലെ 10.40നാണ് അപകടമുണ്ടായത്. വാഹനം കത്തി മൂന്നു മിനിറ്റിനുള്ളിൽ തീപടർന്നു. ഇന്നു രാവിലെ 10.40നാണ് അപകടമുണ്ടായത്. വാഹനം കത്തി മൂന്നു മിനിറ്റിനുള്ളിൽ തീപടർന്നു.

ആശുപത്രിയിൽ എത്തുന്നതിനു തൊട്ടുമുൻപാണ് കാർ കത്തിയത്. ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിന് രണ്ടുവർഷത്തെ പഴക്കമുണ്ടെന്നാണ് വിവരം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. ഇരുവരുടെയും മൃതദേഹങ്ങൾ വൈകുന്നേരം കുറ്റിയാട്ടൂർ ശാന്തിവനത്തിൽ സംസ്‌കരിച്ചു.

Post a Comment

0 Comments