banner

ബീഫ് കൈവശം വച്ചെന്നാരോപിച്ച് 56-കാരനെ ബിഹാറിൽ തല്ലിക്കൊന്നു; 3 പേർ അറസ്റ്റിൽ

പട്‌ന : ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് ബിഹാറില്‍  മധ്യവയസ്‌കനെ തല്ലിക്കൊന്നു. ബിഹാര്‍ ഛപ്രയിലെ റസൂല്‍പൂരില്‍ ചൊവ്വാഴ്ചയാണ് സിവാനിലെ ഹസന്‍പുര പ്രദേശവാസിയായ നസീബ് ഖുറേഷിയെ ഹിന്ദുത്വര്‍ കൊലപ്പെടുത്തിയത്. 

കേസില്‍ റസൂല്‍പൂര്‍ ജോഗിയ സ്വദേശികളായ സുശീല്‍ സിംഗ്, രവി ഷാ, ഉജ്വല്‍ ശര്‍മ്മ എന്നിവരെ അറസ്റ്റ് ചെയ്തതായും പ്രതികള്‍ക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തിയതായും പോലിസ് അറിയിച്ചു. നസീബ് ഖുറേഷിയും അനന്തരവന്‍ ഫിറോസ് അഹമ്മദും ജോഗിയ ഗ്രാമത്തിലെത്തിയപ്പോഴാണ് ഹിന്ദുത്വര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. 

ഗ്രാമത്തിലെ സര്‍പാഞ്ച് ഉള്‍പ്പെടെ ഏഴോളം പേരാണ് ആക്രമിച്ചതെന്ന് അനന്തരവന്‍ ഫിറോസ് അഹമ്മദ് പറഞ്ഞു. പിന്തുടര്‍ന്നെത്തിയ സംഘം നസീബ് ബീഫ് കടത്തുകയാണെന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. 

സര്‍പാഞ്ച് ആവശ്യപ്പെട്ട പ്രകാരമാണ് മര്‍ദ്ദിച്ചത്. ബൈക്കില്‍ നിന്ന് ഇറങ്ങി ഓടിയതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്നും അമ്മാവന് അതിന് കഴിഞ്ഞില്ലെന്നും ഫിറോസ് പറഞ്ഞു. കുറച്ച് സമയത്തിനു ശേഷം അമ്മാവനെ കണ്ടെത്താന്‍ സംഭവസ്ഥലത്തേക്ക് മടങ്ങിയപ്പോള്‍ ഗ്രാമവാസികളുടെ ഒരു വലിയ ജനക്കൂട്ടം അമ്മാവനെ ആക്രമിക്കുന്നതാണ് കണ്ടതെന്നും ഫിറോസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തി ഇക്കാര്യം പറഞ്ഞു.

എന്നാല്‍, ജനക്കൂട്ടം ഓടിപ്പോയെന്നു പറഞ്ഞ് സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന പോലിസുകാരന്‍ മോശമായാണ് പെരുമാറിയത്. നസീബിനെ പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചുവെന്നും ആരോഗ്യനില മോശമായതിനാല്‍ വീട്ടിലേക്ക് പറഞ്ഞയച്ചെന്നുമായിരുന്നു ആദ്യം മറുപടി നല്‍കിയത്. അവര്‍ നിങ്ങളെ ഉപദ്രവിച്ചിട്ടില്ല. നിങ്ങള്‍ ഉപദ്രവിക്കപ്പെടാന്‍ അര്‍ഹരാണ് എന്നായിരുന്നു പോലിസുകാരന്റെ മറുപടി. സംഭവത്തെക്കുറിച്ച് പ്രശ്‌നമുണ്ടാക്കരുതെന്നും നസീബിനെ സംഭവസ്ഥലത്ത് നിന്ന് പിടികൂടിയില്ലെങ്കില്‍ ഗ്രാമവാസികള്‍ അവനെ വെട്ടിക്കൊല്ലുമായിരുന്നുവെന്നും പറഞ്ഞ പോലിസുകാരന്‍ ഫിറോസിനോട് സ്‌റ്റേഷനില്‍ നിന്ന് പുറത്തുപോവണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

അല്ലാത്തപക്ഷം തന്നെയും അവര്‍ സമാനമായ രീതിയില്‍ ആക്രമിക്കുമെന്നായിരുന്നു പോലിസ് പറഞ്ഞത്. പോലിസ് മേധാവി തന്നെ ഭീഷണിപ്പെടുത്തിയെങ്കിലും സ്ഥലത്തുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍ ഒന്നും പറഞ്ഞില്ലെന്നും ഫിറോസ് പറഞ്ഞു. പോലിസ് സ്‌റ്റേഷനില്‍ പോലും താന്‍ സുരക്ഷിതനല്ലെന്ന് മനസ്സിലാക്കിയ ഫിറോസ് ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി.

വീട്ടില്‍ എത്തിയപ്പോഴാണ് അമ്മാവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വിവരം അറിഞ്ഞത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ അമ്മാവനെ സദറിലെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായി അറിയിച്ചു. സദറിലെ ആശുപത്രിയില്‍ നിന്ന് നസീബിനെ പട്‌നയിലെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. പട്‌നയിലേക്കുള്ള യാത്രാമധ്യേയാണ് നസീബ് ഖുറേഷി മരണപ്പെട്ടത്. അമ്മാവന്‍ നസീബിന്റെ കൊലപാതകത്തില്‍ നീതി ലഭ്യമാക്കണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. 

നസീബിന്റെ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നതിനിടെയാണ് കേസുമായി ബന്ധപ്പെട്ട് 3 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചതെന്നും എന്നാല്‍ ഇക്കാര്യം വിശ്വസിക്കുന്നില്ലെന്നും ഫിറോസ് പറഞ്ഞു. മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവരെ കണ്ടെത്താന്‍ പരിശോധനകള്‍ തുടരുകയാണെന്നുമാണ് സരണ്‍ പോലിസ് അറിയിച്ചത്.

Post a Comment

0 Comments