തൃശൂർ : പത്തു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 58കാരന് അഞ്ച് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊടുങ്ങല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പുല്ലൂറ്റ് നീലക്കംപാറ സ്വദേശി ചെട്ടിയാട്ടിൽ വീട്ടിൽ വേണുവിനെയാണ് കോടതി ശിക്ഷിച്ചത്. ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി കെ.പി. പ്രദീപ് ആണ് ശിക്ഷ വിധിച്ചത്.
പിഴത്തുക അടക്കാത്തപക്ഷം രണ്ട് മാസംകൂടി ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. കൊടുങ്ങല്ലൂർ എസ്.ഐ ആയിരുന്ന കെ.ജെ. ജിനേഷ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ ആയിരുന്ന പി.സി. ബിജുകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
ആളൂർ പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി.ആർ. രജനി കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനെ സഹായിച്ചു. 10 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകൾ ഹാജരാക്കി. പിഴത്തുക കുട്ടിക്ക് നൽകാൻ കോടതി വിധിച്ചു. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോൾ ഹാജരായി.
0 Comments