banner

രാഹുൽ ഗാന്ധിക്കെതിരായ നടപടി: എതിരഭിപ്രായങ്ങളെ അധികാരമുപയോഗിച്ച് അമര്‍ച്ച ചെയ്യുന്നത് ഫാസിസ്റ്റ് രീതിയെന്ന് പിണറായി വിജയൻ; രാഹുലിന് കൂട്ട പിന്തുണയുമായി ഇടത് നേതാക്കൾ

തിരുവനന്തപുരം ( Ashtamudy Live News ) : ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമര്‍ച്ചചെയ്യുന്ന ഫാസിസ്റ്റ് രീതിയാണിതെന്നും പിണറായി ചൂണ്ടിക്കാട്ടി. ഫെയ്സ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

വിമര്‍ശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുത നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുകയാണ്. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങള്‍ക്ക് ഇവിടെ എന്ത് രക്ഷ? ഭരണഘടനാ മൂല്യങ്ങള്‍ക്ക് ഇവര്‍ എന്ത് വിലയാണ് നല്‍കുന്നത്? ബിജെപി ഇതര സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളിലും മനീഷ് സിസോദിയ, രാഹുല്‍ ?ഗാന്ധി എന്നിവര്‍ക്കെതിരായ കേസുകളിലും പ്രതികരിച്ച പ്രതിപക്ഷ എം പിമാരെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തതും ഇതിന്റെ മറ്റൊരു ഭാഗമാണ്.

കേന്ദ്ര സര്‍ക്കാരിനെതിരെ പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ ഡല്‍ഹിയില്‍ കൂട്ടത്തോടെ കേസെടുക്കുകയും അറസ്റ്റ് നടത്തുകയും ചെയ്തു. ഇതൊന്നും ജനാധിപത്യ സമൂഹത്തിനും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ല. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയെ ഈ തിരിച്ചറിവിന്റെ വെളിച്ചത്തില്‍ നോക്കിക്കാണണം. വിഷയത്തില്‍ ശക്തമായി പ്രതികരിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്നടങ്കം മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമർശനവുമായി സി.പി.എം. നേതാവ് എം. സ്വരാജ്

രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രിയെയും അഴിമതിയെയും വിമർശിക്കുക എന്ന ലക്ഷ്യമാണ് ആ പ്രസംഗത്തിനുള്ളതെന്നും പകലുപോലെ വ്യക്തമാണെന്ന് സ്വരാജ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

വിയോജിപ്പുകൾക്കും വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലങ്ങുവീഴുമ്പോൾ കേൾക്കുന്ന ശബ്ദം ഫാസിസത്തിന്റെ കാലൊച്ച തന്നെയാണ്. കൊന്നു കൊണ്ടിരിക്കുന്നത് ഇന്ത്യയെത്തന്നെയാണെന്നും സ്വരാജ് പറയുന്നു.

നടപടി ജനാധിപത്യ വിശ്വാസികള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല - വി എൻ വാസവൻ

'നിയമപരമായ മാര്‍ഗങ്ങള്‍ ഇനിയും മുന്നിൽ നിൽക്കെ  രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കുന്നതിന്  കേന്ദ്രസര്‍ക്കാര്‍ തിടുക്കത്തിലെടുത്ത തീരുമാനം ജനാധിപത്യ വിശ്വാസികള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. അദാനിയുടെ ഓഹരി തട്ടിപ്പ് വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ വിസമ്മതിക്കുന്ന കേന്ദ്ര സർക്കാർ വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് വിജയ് ചൗക്കില്‍ നിന്ന് മാര്‍ച്ച് ചെയ്ത  മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വി ശിവദാസന്‍, എ എ റഹീം, എ എം ആരിഫ് തുടങ്ങിയ  പ്രതിപക്ഷ എംപിമാരെ പൊലീസ് അറസ്റ്റുചെയ്യുകയുണ്ടായി. പാര്‍ലമെന്റിന് അകത്ത് സംസാരിക്കാന്‍ അവസരമില്ല പുറത്ത് ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുവാനും അനുവദിക്കില്ല എന്നതാണ് കേന്ദ്ര സർക്കാർ നിലപാട് . വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും കൂച്ചുവിലങ്ങിടുന്ന ഇത്തരം സമീപനം  ലോകം ആദരവോടെ നോക്കികാണുന്ന ഇന്ത്യൻ ജനാധി പത്യത്തിന് തീരാ കളങ്കമാണ്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികളുടെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്' - അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.

ജനാധിപത്യവും ഭരണഘടനയും അപകടത്തിലാണ് - എഎ റഹീം എം.പി

ഈ കുറിപ്പെഴുതുന്നത് ഡൽഹിയിലെ കിങ്‌സ് പോലീസ് ക്യാമ്പിൽ ഇരുന്നാണ്.അദാനിയ്ക്കെതിരെ അന്വഷണം ആവശ്യപ്പെട്ട ഞാൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

പോലീസ് വാഹനത്തിൽ ഞങ്ങളെ ഇവിടേയ്ക്ക് കൊണ്ടുവരുന്നതിനിടക്കാണ് ശ്രീ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വാർത്ത വരുന്നത്.

അങ്ങേയറ്റം അപലപനീയമാണ് ഈ തീരുമാനം.ജനാധിപത്യ വിരുദ്ധം.
ലോകരാജ്യങ്ങളുടെ മുന്നിൽ ഇന്ത്യ തലകുനിക്കേണ്ടി വരുന്ന നിമിഷങ്ങൾ.

എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നത്.രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം അഴിമതിക്കാർക്കെതിരെയായിരുന്നു.എന്നിട്ടും മാനനഷ്ടക്കേസിൽ രണ്ടുവർഷം ശിക്ഷിച്ചു പാർലമെന്റ് അംഗത്വം അസാധാരണമായ വേഗതയിൽ റദ്ദാക്കിയിരിക്കുന്നു!!.ജനാധിപത്യ വിരുദ്ധമായ ഈ നടപടിയിൽ പ്രതിഷേധിക്കുന്നു.

ജനാധിപത്യത്തെ മോദിയും കൂട്ടരും കുഴിച്ചുമൂടുമ്പോൾ രാജ്യമാകെ ശബ്ദമുയർത്തണം.അദാനിയ്‌ക്കെതിരെ അന്വഷണം ആവശ്യപ്പെട്ടതിനാണ് ഞങ്ങൾ എംപിമാരെ ഇപ്പോൾ തടവിൽ വച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഡൽഹിയിൽ,മോദിയെ പുറത്താക്കൂ..രാജ്യത്തെ രക്ഷിക്കൂ എന്ന് പോസ്റ്റർ എഴുതി ഒട്ടിച്ചതിന് നൂറിലധികം കേസുകളാണ് പോലീസ് റജിസ്റ്റർ ചെയ്തത്.ഇരുപതിലധികം പേർ അറസ്റ്റിലായി.

ലക്ഷദ്വീപ് എംപി ശ്രീ മുഹമ്മദ് ഫൈസലിനെ അകാരണമായി ഇപ്പോഴും പാർലമെന്റിൽ കയറ്റാതെ പുറത്തു നിർത്തിയിരിക്കുന്നു.

ജനാധിപത്യവും ഭരണഘടനയും അപകടത്തിലാണ്.
പ്രതിഷേധിക്കുക. - അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.

Post a Comment

0 Comments