banner

ഫേസ്ബുക്കിൽ ലൈവിൽ വന്ന് ആത്മഹത്യാശ്രമം; വിവരം നൽകി ഫേസ്ബുക്ക്, പൊലീസ് കുതിച്ചെത്തി


ഫേസ്ബുക്കിൽ ലൈവിൽ വന്ന് ആത്മഹത്യ ചെയ്യുകയാണെന്നറിയിച്ച യുവാവിനെ രക്ഷിച്ച് പൊലീസ്. ദില്ലി പൊലീസാണ് യുവാവിന്റെ ആത്മഹത്യാശ്രമം കൃത്യസമയത്ത് അറിഞ്ഞതിനെ തുടർന്ന് രക്ഷിച്ചത്. നോർത്ത് ഈസ്റ്റ് ദില്ലിയിൽ ഇന്നലെയാണ് സംഭവം. നാൽപ്പതോളം ​ഗുളികകൾ കഴിച്ചാണ് യുവാവ് ആത്മ​ഹത്യാശ്രമം നടത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, നോർത്ത് ഈസ്റ്റ് ദില്ലി സ്വദേശിയായ 25കാരൻ ആത്മഹത്യ ചെയ്യുകയാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു. തിങ്കളാഴ്ച്ച രാത്രി ഒമ്പതോടെയാണ് സംഭവം. ലൈവിൽ വന്ന യുവാവ് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും അതെല്ലാവരേയും അറിയിക്കാനാണ് എത്തിയതെന്നും പറഞ്ഞു. സംഭവം ശ്രദ്ധയിൽപെട്ട ഫേസ്ബുക്ക് ദില്ലി പൊലീസിന് സന്ദേശം കൈമാറുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോ​ഗസ്ഥൻ പറയുന്നു.

തുടർന്ന് ദില്ലി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻ (ഐഎഫ്എസ്ഒ) യൂണിറ്റ് നന്ദ് നഗ്രി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് യുവാവിന്റെ താമസസ്ഥലം ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു. വീട്ടിലെത്തിയ പൊലീസ് കിടപ്പുമുറിയിൽ അവശനായ നിലയിലുള്ള യുവാവിനെയാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു അടിയന്തര ചികിത്സ നൽകി. ചികിത്സക്കു ശേഷമുള്ള പൊലീസ് ചോദ്യം ചെയ്യലിൽ നാൽപ്പത് ​ഗുളികകൾ ഒരുമിച്ച് കഴിച്ചതായി യുവാവ് പറഞ്ഞു.

Post a Comment

0 Comments