banner

വാഹനപരിശോധനയ്ക്കിടെ പിടികൂടിയ ബൈക്ക് യാത്രികൻ പോലീസ് കസ്റ്റഡിയിൽ മരിച്ചു; ക്രൂരമർദ്ദനത്തിന് ഇരയായതായി ദൃക്സാക്ഷികൾ

കൊച്ചി : തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് വാഹനപരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി നാട്ടുകാർ. ഇരുമ്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ രഘുവരന്റെ മകൻ മനോഹരൻ (52) ആണ് മരണപ്പെട്ടത്.

കെട്ടിട നിർമ്മാണ തൊഴിലാളിയായ ഇയാൾ വാഹന പരിശോധനയ്ക്കിടെ ബൈക്ക് മുന്നോട്ട് നീക്കിയാണ് നിർത്തിയത്. ഇതിൽ പ്രകോപിതരായ പൊലീസുകാർ മനോഹരന്റെ മുഖത്ത് മർദ്ദിച്ചുവെന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നത്.

പൊലീസിനെ ഭയമാണെന്ന് മനോഹരൻ പറഞ്ഞുവെന്നും, തുടർന്ന് മദ്യപിച്ചോയെന്ന് അറിയാൻ പരിശോധന നടത്തിയെങ്കിലും ബ്രീത്ത് അനലൈസറിൽ മദ്യപിച്ചതായി തെളിഞ്ഞില്ലെന്നും നാട്ടുകാർ പറയുന്നു.രണ്ട് പൊലീസുകാരാണ് മനോഹരനെ തടഞ്ഞ് നിർത്തിയത്.

മദ്യപിച്ചില്ലെന്ന തെളിഞ്ഞതോടെ അലക്ഷ്യമായി വാഹനം ഓടിച്ചു എന്ന കുറ്റം ചുമത്തിയാണ് പൊലീസ് മനോഹരനെ ബലമായി ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
ശനിയാഴ്ച രാത്രി 8.45 ഓടെ ഇരുമ്പനം കർഷക കോളനി ഭാഗത്തുവെച്ചാണ് പൊലീസ് മനോഹരനെ കസ്റ്റഡിയിൽ എടുത്തത്.

ജീപ്പിൽ സ്റ്റേഷനിലെത്തിച്ച മനോഹരൻ കുഴഞ്ഞുവീണെന്നാണ് പൊലീസ് ഭാഷ്യം. ഉടൻ ജീപ്പിൽ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും ആംബുലൻസിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments