banner

ത്രിപുരയിൽ ആദ്യ മണിക്കൂറിൽ ബിജെപി കുതിപ്പ്; ദുർബലമായി ഇടത്-കോൺഗ്രസ് സഖ്യം; തിപ്രമോദ തരംഗമാകുന്നു

ത്രിപുര : ത്രിപുരയിൽ ആദ്യ ഫലം പുറത്ത് വരുമ്പോൾ ബിജെപി വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കുന്നു. വോട്ടെണ്ണൽ ആരംഭിച്ച ആദ്യമണിക്കൂറിൽ തന്നെ 42
 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 60 അം​ഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. ഇടത് – കോൺ​ഗ്രസ് സഖ്യത്തിന് 10 സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്. തിപ്രമോദ പാർട്ടി 5 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

പോസ്റ്റൽ ബാലറ്റുകൾ എണ്ണി തുടങ്ങിയപ്പോൾ ബിജെപി 15 സീറ്റിൽ ലീഡ് ചെയ്തിരുന്നു. തിപ്രമോദ പാർട്ടി 5 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്ത്രിപുരയിൽ നഗര പ്രദേശങ്ങളിൽ വോട്ടർമാരുടെ എണ്ണം കൂടുതലാണ്. ഗ്രാമ മേഖലകളിൽ വോട്ടർമാരുടെ എണ്ണം കുറവാണ്.

60 നിയമസഭാ സീറ്റുകളിൽ ബിജെപി, സിപിഎം-കോൺഗ്രസ്, തിപ്ര മോത്ത പാർട്ടി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. കാൽനൂറ്റാണ്ടു നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, 60 നിയമസഭാ സീറ്റുകളിൽ 36 സീറ്റിൽ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. 2021 ഏപ്രിലിലെ ത്രിപുര ട്രൈബൽ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ തിപ്ര മോത്ത പാർട്ടി സിപിഎമ്മിനെയും ബിജെപിയെയും നിലംപരിശാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന തിപ്ര മോത്ത പാർട്ടി 42 സീറ്റിൽ സ്ഥാനാർഥികളെ നിർത്തിയത് എൻഡിഎ, ഇടതു–കോൺഗ്രസ് സഖ്യങ്ങളെ കൂടുതൽ പ്രതിരോധത്തിലാക്കി. ബിജെപി 55 സീറ്റിലും സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) 6 സീറ്റിലും മത്സരിക്കുന്നു. സിപിഎമ്മിന്റെ 43 സ്ഥാനാർഥികളും കോൺഗ്രസിന്റെ 13 സ്ഥാനാർഥികളുമാണ് ജനവധി തേടുന്നത്. തൃണമൂൽ കോൺഗ്രസിന്റെ 28 സ്ഥാനാർഥികളും ജനവിധി തേടുന്നു. ത്രിപുരയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ് പോൾ.

ബഹുകോണ മത്സരത്തിനാണ് മേഘാലയ സാക്ഷ്യം വഹിക്കുന്നത്. കോൺഗ്രസ്, ബിജെപി, കോൺറാഡ് സാങ്മയുടെ എൻപിപി (നാഷനൽ പീപ്പിൾസ് പാർട്ടി), ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവയാണ് മത്സരരംഗത്തുള്ളത്. കോൺറാഡ് സാങ്മയുടെ എൻപിപിയുമായുള്ള ഭിന്നതയെ തുടർന്ന് ബിജെപി ഒറ്റയ്ക്ക് മത്സരിക്കുന്നു. 2018ൽ ബിജെപിക്ക് രണ്ട് സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും എൻപിപിയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ സാധിച്ചു. അഴിമതിയാരോപണങ്ങളുടെ പേരിൽ സാങ്മയുടെ പാർട്ടിയുമായുള്ള ഭിന്നതയെ തുടർന്നാണ് ബിജെപി ഇത്തവണ 60 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി മുകുൾ സാംഗ്മയുടെയും മറ്റ് നിരവധി കോൺഗ്രസ് എംഎൽഎമാരുടെയും കൂറുമാറ്റത്തെ തുടർന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായി തൃണമൂൽ മാറിയിരുന്നു. 60 നിയമസഭാ സീറ്റുള്ള മേഘാലയയിൽ എൻപിപിയുടെ 57 ഉം തൃണമൂൽ കോൺഗ്രസിന്റെ 56 ഉം കോൺഗ്രസിന്റെ 60 ഉം ബിജെപിയുടെ 60 ഉം സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. സ്ഥാനാർഥി മരിച്ചതിനാൽ മേഘാലയയിൽ ഒരു സീറ്റിൽ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു.

നാഗാലാൻഡിലെ 60 നിയമസഭാ മണ്ഡലങ്ങളിൽ 59 എണ്ണത്തിലും ത്രികോണ മത്സരമാണ് നടക്കുന്നത്. 2018ൽ സംസ്ഥാനത്തെ 60 സീറ്റുകളിൽ 12ലും വിജയിച്ച ബിജെപി എൻഡിപിപിയുമായി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി) സഖ്യത്തിലാണ് മത്സരിക്കുന്നത്. സീറ്റ് വിഭജന കരാർ പ്രകാരം എൻഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിക്കുന്നത്. പ്രതിപക്ഷമായ കോൺഗ്രസ് 23 സീറ്റിലും നാഗാ പീപ്പിൾസ് ഫ്രണ്ടും 22 സീറ്റുകളിലാണ് മത്സരിക്കുന്നത്. നാലു വനിതാ സ്ഥാനാർഥികളും ഇത്തവണ നാഗാലാൻഡിൽ ജനവിധി തേടുന്നു. നാഗാലാൻഡിൽ ബിജെപി ഇതിനകം ഒരിടത്ത് വിജയിച്ചു. എതിർ സ്ഥാനാർഥി സ്ഥാനാർഥിത്വം പിൻവലിച്ചതിനെത്തുടർന്ന് അകുലുട്ടോ നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കഷെറ്റോ കിനിമി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

Post a Comment

0 Comments