ബ്രഹ്മപുരം തീപിടിത്തത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് കത്ത് നല്‍കിയിരുന്നു. വിഷയം നാളെ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. കൊച്ചി നഗരത്തില്‍ വിഷപ്പുക നിറയുന്നത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്. വ്യാഴാഴ്ചയാണ് ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണ കേന്ദ്രത്തിന് തീപിടിച്ചത്. കഴിഞ്ഞദിവസം തീ അണച്ചെങ്കിലും മാലിന്യക്കൂമ്പാരത്തിനുള്ളില്‍ നിന്ന് പുക ഇപ്പോഴും ഉയരുന്നുണ്ട്.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഇന്നത്തോടെ തീ പൂര്‍ണമായി അണയ്ക്കാന്‍ കഴിയുമെന്നും മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രശ്‌നം ഗൗരവമുള്ളതാണെന്നും ജനപ്രതിനിധികളുടെ യോഗം ചേര്‍ന്ന് യുദ്ധകാല അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. പരിഭ്രാന്തിയുടെ അന്തരീക്ഷം ഇപ്പോഴില്ലെന്നും മന്ത്രി പറഞ്ഞു. അന്തരീക്ഷ വായുവിന്റെ സ്ഥിതി മെച്ചപ്പെട്ടു വരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
മാലിന്യം കിടക്കുന്ന സ്ഥലത്തേക്ക് അഗ്‌നിരക്ഷാസേന വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല എന്ന പ്രശ്‌നമുണ്ടായിരുന്നു. തീ അണയ്ക്കാനുള്ള ഏകോപനത്തിന് വിവിധ വകുപ്പുകളുടെ സംവിധാനം ഉണ്ടാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ ആരോഗ്യവകുപ്പ് ക്രമീകരിച്ചു.മാലിന്യം പല അടുക്കായതിനാല്‍ തീ അണയ്ക്കാന്‍ സമയമെടുത്തു. മാലിന്യസംസ്‌കരണത്തിന് ദീര്‍ഘകാല ഇടപെടല്‍ ഉണ്ടാകും. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടക്കുന്നു. അന്വേഷണം പൂര്‍ത്തിയായാലേ കാരണം അറിയാന്‍ കഴിയൂ. ഉയര്‍ന്ന അന്തരീക്ഷ താപനില തീപിടിത്തത്തിന് കാരണമായിട്ടുണ്ട്. പുതിയ പ്ലാന്റ് സജ്ജമാകുന്നതോടെ മാലിന്യപ്രശ്‌നത്തിനു പരിഹാരമാകും. 2026ല്‍ സമ്പൂര്‍ണമായി മാലിന്യനിര്‍മാര്‍ജനം നടത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
പ്ലാന്റിലെ തീ അണയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. രണ്ട് കരാറുകാരും കരാറിലെ വ്യവസ്ഥകള്‍ പാലിച്ചിട്ടില്ല. മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. ജൈവമാലിന്യങ്ങള്‍ മണ്ണിട്ട് മൂടാന്‍പോലും തയാറായിട്ടില്ല. പരിശോധന നടത്തിയാല്‍ മാലിന്യം നീക്കിയിട്ടില്ല എന്നു മനസിലാകും. ഇതു മറച്ചുവയ്ക്കാന്‍ മനഃപൂര്‍വമാണ് തീപിടിത്തം ഉണ്ടാക്കിയത്. ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ് മാലിന്യം കത്തുന്ന വിഷപ്പുക ഉണ്ടാക്കുന്നത്. ഇതിനു പിന്നില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതിയുണ്ട്. ഹൈക്കോടതിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
0 Comments