banner

ജോലി തേടി വന്ന്, താരമായി മാറി; അഞ്ചാലുംമൂട്ടിലെ തീയണയ്ക്കാൻ ഓടിയെത്തിയ ജോയൽ

അഞ്ചാലുംമൂട് ( Ashtamudy Live News ) : സ്വകാര്യ മാളിലെ ജോലിയ്ക്കായുള്ള ഇൻ്റർവ്യൂവിന് എത്തിയതായിരുന്നു ഇഞ്ചവിള സ്വദേശിയായ ജോയൽ ചാക്കോ. ഇൻ്റർവ്യൂവിന് ഇടയിൽ ഭക്ഷണം കഴിക്കുന്നതിനായി എച്ച്.ആർ അനുവദിച്ച പതിനഞ്ച് മിനിറ്റ് സമയത്തേക്ക് പുറത്തിറങ്ങിയ ജോയൽ കണ്ട കാഴ്ച സമീപത്ത് നിന്ന് പുകയുയരുന്നതാണ്. പിന്നെ ഒന്നും നോക്കാതെ ജോലിയും എക്സിക്യൂട്ടിവ് വേഷവും മറന്ന് രക്ഷാപ്രവർത്തനത്തിനായി ഇറങ്ങുകയായിരുന്നു ഈ ചെറുപ്പക്കാരൻ. ആദ്യം ചിലർ തടഞ്ഞെങ്കിലും അവരെ അവഗണിച്ചാണ് ജോയൽ ദുരന്തമുഖത്ത് ഫയർഫോഴ്സിനൊപ്പം പോരാടിയത്.

ഡിഗ്രി കഴിഞ്ഞതിന് ശേഷം ഫയർ ആൻ്റ് സേഫ്റ്റി -യിൽ ഡിപ്ലോമ കോഴ്സ് ചെയ്യുകയാണ് ഈ 21 കാരൻ. ഇഞ്ചവിള ജെ.ജെ ഭവനത്തിൽ തോബിയാസ് - ലൈല ദമ്പതികളുടെ മകനാണ് ജോയൽ. തൻ്റെ വാച്ച് നഷ്ടപ്പെട്ട വിവരം രക്ഷാ പ്രവർത്തനത്തിനിടെ കയ്യിലേറ്റ മുറിപ്പാട് നോക്കി പറയുമ്പോഴും യാതൊരു നിരാശയും ആ മുഖത്ത് ഒപ്പം കൂടിയവർക്ക് കണ്ടെത്താനായില്ല. വാച്ച് നഷ്ടപ്പെട്ടതിൽ വിഷമം ഉണ്ടോയെന്ന് ആരാഞ്ഞ നാട്ടുകാർ മറ്റൊരു വാച്ച് വാങ്ങി നൽകാമെന്ന് പറഞ്ഞെങ്കിലും ജോയൽ സ്നേഹത്തോടെ നിരസിച്ചു. വിവരമറിഞ്ഞ് സ്ഥലത്തുണ്ടായിരുന്ന ഡിവിഷൻ കൗൺസിലർ സ്വർണ്ണമ്മ ജോയലിനെ അഭിനന്ദിച്ചു. ഇത്തരത്തിലുള്ള ചെറുപ്പക്കാരാണ് നാടിനാവശ്യമെന്നും കൗൺസിലർ അഭിപ്രായപ്പെടുകയും ഉണ്ടായി.

പിന്നീട് തിരികെ ഇൻ്റർവ്യൂ സെൻ്ററിലെത്തിയെങ്കിലും ഇൻ്റർവ്യൂ സമയത്ത് തീ അണയ്ക്കാൻ പോയി എന്ന് പറഞ്ഞു കൊണ്ട് ജോയലിനെ അധികൃതർ തള്ളി. കഴിഞ്ഞ അഞ്ച് വർഷമായി കാരാട്ടെ പരിശീലിക്കുകയും ചെയ്യുന്നുണ്ട് ഈ ചെറുപ്പക്കാരൻ. ജയഭാരത് കരാട്ടെ സെൻ്ററിലെ വിനിത് ആണ് ജോയലിൻ്റെ ഗുരു. ദുരന്തമുഖത്തേക്ക് മറിച്ചൊന്നും ചിന്തിക്കാതെ ഇറങ്ങി പുറപ്പെടാൻ കാരാട്ടെ പരിശീലനം ഏറെ സ്വാധീനിക്കുന്നുണ്ടെന്ന് ജോയൽ അഷ്ടമുടി ലൈവിനോട് പ്രതികരിച്ചു.

Post a Comment

0 Comments