പത്തനംതിട്ട : ആറു വയസുള്ളപ്പോൾ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ. ശിശുവകുപ്പ് സംഘടിപ്പിച്ച മാധ്യമ പ്രവർത്തകരുടെ പരിശീലന പരിപാടിയിലാണ് ദിവ്യ എസ് അയ്യർ തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്.
ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ രണ്ട് പുരുഷന്മാർ തന്നെ വിളിച്ച് അടുത്ത് ഇരുത്തി. എന്തിനാണ് അവർ തൊടുന്നതെന്നൊ സ്നേഹത്തോടെ പെരുമാറുന്നതെന്നോ തിരിച്ചറിയാൻ തനിക്ക് സാധിച്ചിരുന്നില്ല. അവർ രണ്ടുപേർ ചേർന്ന് തന്റെ വസ്ത്രങ്ങൾ അഴിച്ചു അപ്പോഴാണ് തനിക്ക് വല്ലാത്തൊരു അവസ്ഥ തോന്നിയത്. അപ്പോൾ തന്നെ അവരുടെ കൈയ്യിൽ നിന്നും ഓടി രക്ഷപെട്ടെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു.
അന്ന് മാതാപിതാക്കൾ തന്ന ധൈര്യവും പിന്തുണയുമാണ് ആ ആഘാതത്തിൽ നിന്നും പുറത്ത് വരാൻ തന്നെ സഹായിച്ചതെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു. അതിന് ശേഷം ആൾക്കൂട്ടങ്ങളിൽ ചെല്ലുമ്പോഴെല്ലാം ഞാൻ എല്ലാവരെയും സൂക്ഷിച്ച് നോക്കാറുണ്ടെന്നും ആ രണ്ട് മുഖങ്ങളെ തിരയാറുണ്ടെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു.
കുട്ടികൾ നേരിടാൻ സാധ്യതയുള്ള അതിക്രമങ്ങളെ കുറിച്ച് രക്ഷിതാക്കളും അധ്യാപകരും പറഞ്ഞ് കൊടുക്കണം. ഗുഡ് ടച്ചും ബാഡ് ടച്ചും എന്താണെന്ന് തിരിച്ചറിയാൻ അവരെ പഠിപ്പിക്കണമെന്നും ദിവ്യ എസ അയ്യർ പറഞ്ഞു. കുട്ടികളെ മാനസിക ആഘാതത്തിലേക് തള്ളിവിടാതെ ശ്രദ്ധിക്കണമെന്നും കളക്ടർ പറഞ്ഞു.
0 Comments