ചെന്നൈ : തൈര് പാക്കറ്റുകളിൽ ഹിന്ദി ലേബൽ കൊണ്ടുവരുന്നതിനെതിരെ തമിഴ്നാട്ടിലും വിവാദം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്ന നടപടിയാണ് കേന്ദ്രസർക്കാരിന്റേതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കുന്ന നടപടിയെ എതിർക്കുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
ഇത് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ്. തൈര് പാക്കറ്റുകളിൽ കൂടി ഹിന്ദി ഉപയോഗിക്കണമെന്ന നിലയിലേക്കെത്തി നിൽക്കുകയാണ് കാര്യങ്ങൾ. കന്നടയേയും തമിഴിനേയും ഇതിലൂടെ ഇകഴ്ത്തുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.
തൈര് പാക്കറ്റുകളിൽ തൈര് എന്ന് തമിഴിൽ എഴുതുന്നതിന് പകരം ദഹി എന്നെഴുതിയുള്ള ലേബൽ ഒട്ടിയ്ക്കാനാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശം. മിൽക്ക് ഫെഡറേഷനുകളോടും ക്ഷീര ഉത്പാദകരോടും ഉൽപ്പന്നങ്ങളുടെ പേര് പുനർനാമകരണം ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു. ചീസ്, വെണ്ണ ഉൽപ്പന്നങ്ങൾക്കും ഇത് ബാധകമാകും.
നമ്മുടെ മാതൃഭാഷകളോടുള്ള ഇത്തരത്തിലുള്ള ധിക്കാരപരമായ സമീപനം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ബിജെപിയെ എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട്ടിലേയും കർണാടകയിലേയും മിൽക്ക് ഫെഡറേഷനുകളിൽ ദഹി എന്ന ലേബൽ ഉപയോഗിക്കണമെന്നുള്ള പത്രവാർത്ത ഷെയർ ചെയ്തു കൊണ്ടാണ് സ്റ്റാലിന്റെ പ്രതികരണം.
കർണാടകയിലും സമാനമായ വിവാദം ഉടലെടുത്തിട്ടുണ്ട്. ഹിന്ദി സംസാരിക്കാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള മറ്റൊരു ശ്രമമെന്ന നിലയിലാണ് ഇതിനെ കാണുന്നത്. പാക്കറ്റുകളിൽ ദഹി എന്ന് പ്രാധാന്യത്തോടെ പറയുകയും ബ്രാക്കറ്റിൽ “മൊസാരു” എന്ന കന്നഡ പദം കൂടി ഉപയോഗിക്കുന്നതിനാണ് നിർദ്ദേശം.
ഇതുമായി ബന്ധപ്പെട്ട് കർണാടകയിൽ നിരവധി ചർച്ചകളാണ് നടക്കുന്നത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ഹിന്ദിയുമായി ബന്ധപ്പെട്ടുള്ള കത്ത് ലഭിച്ചെന്ന് ബെംഗളൂരു മിൽക്ക് യൂണിയൻ ലിമിറ്റഡ് പ്രസിഡന്റ് നരസിംഹമൂർത്തി പറഞ്ഞു. എന്നാൽ ഹിന്ദി സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു അവലോകനം ആവശ്യപ്പെട്ട് തിരിച്ച് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
0 Comments