banner

മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ വിധിച്ച് കോടതി; പിന്നാലെ ജാമ്യം

സൂറത്ത് ( Ashtamudy Live News ) : ഗുജറാത്തിലെ മാനനഷ്‌ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവ് വിധിച്ച് സൂറത്ത് മജിസ്ട്രേറ്റ് കോടതി. കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. അതേസമയം, രാഹുൽ ഗാന്ധിക്ക് കോടതിയിൽ നിന്ന് തന്നെ ജാമ്യം അനുവദിച്ചു. വിധി കേൾക്കാൻ ഡെൽഹിയിൽ നിന്ന് രാഹുൽ ഇന്ന് സൂറത്ത് കോടതിയിൽ എത്തിയിരുന്നു. 

മോദി സമുദായത്തിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ തുടർന്നായിരുന്നു കേസ്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ നടന്ന റാലിയിൽ രാഹുൽ ഗാന്ധി നടത്തിയ വിവാദ പ്രസംഗമാണ് കേസിനാദാരം. വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ പരാമർശിച്ച് എല്ലാ കള്ളൻമാർക്കും മോദി എന്ന് പേരുള്ളത് എന്തുകൊണ്ടാണ് എന്നായിരുന്നു രാഹുലിന്റെ പരാമർശം. 

പ്രചാരണത്തിനിടെ മോദി എന്ന പേരിനെക്കുറിച്ചുള്ള പരാമർശത്തിനെതിരെ ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.
2019 ഏപ്രിൽ 13ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ച് രാഹുൽഗാന്ധി പരാമർശം നടത്തിയത്. 

”എല്ലാ കള്ളൻമാരുടെയും പേരിൽ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളൻമാർക്കെല്ലാം മോദി എന്ന് പേരുവന്നത്. ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാരുടെ പേരുകൾ പുറത്തുവരും”- രാഹുൽ ഗാന്ധി പറഞ്ഞു. 

കാവൽക്കാരൻ 100 ശതമാനവും കള്ളനാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, മോദി ചങ്ങാത്ത മുതലാളിത്തമാണ് ഇഷ്‌ടപ്പെടുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.

Post a Comment

0 Comments