banner

കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു: സംസ്ഥാനത്ത് കോവിഡിനെതിരെ വീണ്ടും പ്രതിരോധം ശക്തമാക്കുന്നു; എല്ലാ ജില്ലകൾക്കും നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വീണ്ടും ശക്തമാക്കുന്നു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പ്രതിരോധ പ്രവർത്തനങ്ങൾ വീണ്ടും ഊർജ്ജിതമാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ ജില്ലകൾക്കും നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് മാർച്ച് മാസത്തിൽ കോവിഡ് കേസുകളിലുണ്ടായ വർധനവാണ് വകുപ്പിൻ്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാകുന്നതിലേക്ക് നയിച്ചത്.

പ്രമേഹം, രക്താദിമർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗർഭിണികളും, കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മാസ്‌ക് കൃത്യമായി ധരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇവർ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.

കോവിഡ് കേസുകൾ വർധിക്കുന്നത് മുന്നിൽ കണ്ടുള്ള സർജ് പ്ലാനുകൾ എല്ലാ ജില്ലകളും തയ്യാറാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ആശുപത്രികൾ മുമ്പത്തെപ്പോലെ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യണം. ആർസിസി, എംസിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികൾ എന്നിവർ കോവിഡ് രോഗികൾക്കായി പ്രത്യേകമായി കിടക്കകൾ മാറ്റിവയ്ക്കണം. ആവശ്യകത മുന്നിൽ കണ്ട് പരിശോധനാ കിറ്റുകൾ, സുരക്ഷാ സാമഗ്രികൾ എന്നിവ സജ്ജമാക്കാൻ കെ.എം.എസ്.സി.എല്ലിന് നിർദേശം നൽകി. സംസ്ഥാനത്ത് സജ്ജമായ ഐസൊലേഷൻ വാർഡുകളിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നൽകണം. പൂർത്തിയാക്കാനുള്ള ഐസൊലേഷൻ വാർഡുകൾ എത്രയും വേഗം പ്രവർത്തനസജ്ജമാക്കാനും മന്ത്രി നിർദേശം നൽകി.

സംസ്ഥാനത്ത് ഫെബ്രുവരിയിൽ കേസുകൾ കുറവായിരുന്നു. എന്നാൽ മാർച്ച് മാസത്തോടെയാണ് കേസുകളിൽ നേരിയ വർധനവുണ്ടായത്. ഇന്ന് 765 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുതൽ. മരണം റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം പാടില്ല. ജനിതക പരിശോധനയ്ക്ക് അയച്ചതിൽ കൂടുതലും ഒമിക്രോണാണ് കണ്ടെത്തിയിട്ടുള്ളത്. ജനിതക പരിശോധന വർധിപ്പിക്കാനും മന്ത്രി നിർദേശം നൽകി. കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗവും ചേർന്നിരുന്നു.

Post a Comment

0 Comments