banner

തൃപ്പൂണിത്തുറ കസ്റ്റഡി മരണം; മനോഹരനെ മർദ്ദിച്ചത് എസ്ഐ മാത്രം: സിറ്റി പൊലീസ് കമ്മീഷണർ

കൊച്ചി : തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തിൽ, മനോഹരനെ മർദ്ദിച്ചത് എസ് ഐ മാത്രമാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമൻ. മറ്റ് പൊലീസുകാർ മർദ്ദിച്ചതിന് തെളിവുകളും സാക്ഷി മൊഴികളും ഇല്ലെന്നും കെ സേതുരാമൻ പറഞ്ഞു. എസ് ഐ മർദ്ദിച്ചത് തെളിഞ്ഞത് കൊണ്ടാണ് സസ്‌പെൻഡ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ എസ് എച്ച് ഒക്കെതിരെയും പരാതി ലഭിച്ചിട്ടുണ്ട്. പരാതിയിൽ അന്വേഷണം ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി. സംഭവത്തിൽ എസ്‌ഐ ജിമ്മി ജോസിനെയാണ് സസ്‌പെൻഡ് ചെയ്തത്.

ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പൊലീസിനെ കണ്ട് മനോഹരൻ വാഹനം നിർത്താതെ പോവുകയായിരുന്നു. പിന്തുടർന്ന് എത്തിയ പൊലീസ് മനോഹരനെ മർദ്ദിക്കുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമാണ് ഉണ്ടായതെന്നും നാട്ടുകാർ പറഞ്ഞിരുന്നു. അലക്ഷ്യമായി വാഹനം ഓടിച്ചു എന്ന കാരണത്താലാണ് പൊലീസ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. 

കൈ കാണിച്ചിട്ടും നിർത്താതെ പോയ ഇയാളെ പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലിരിക്കെ മനോഹരൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹിൽ പാലസ് സ്റ്റേഷനിലെ മുഴുവൻ പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെയും നടപടി വേണമെന്നാണ് നാട്ടുകാ‍‍രുടെ ആവശ്യം. മനോഹരന്റെ മരണം ഹൃദയാഘാതം മൂലമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റുമോർട്ടം നടപടികൾ നടന്നത്.

Post a Comment

0 Comments